ജമ്മുവിൽ ഒരുവർഷം തങ്ങിയാൽ വോട്ട്; വിവാദ ഉത്തരവ് പിൻവലിച്ചു

0
98

ജമ്മുവിൽ ഒരുവർഷത്തിൽ കൂടുതൽ താമസിക്കുന്ന വരെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന അധികൃതരുടെ വിവാദ ഉത്തരവ്‌ ശക്തമായ പ്രതിഷേധത്തെ തുടർന്ന്‌ പിൻവലിച്ചു. ആധാർകാർഡ്‌, ജല, വൈദ്യുതി ബില്ലുകൾ, ബാങ്ക്‌ പാസ്‌ബുക്ക്‌, പാസ്‌പോർട്ട്‌, രജിസ്‌റ്റർ ചെയ്‌ത ഭൂമി രേഖകൾ തുടങ്ങിയവ താമസരേഖയായി കണക്കാക്കി ഇത്തരക്കാരെ വോട്ടർമാരായി രജിസ്‌റ്റർ ചെയ്യണമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കമീഷണർ കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.

ഇതിനെതിരെ പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി രംഗത്തെത്തി. ജനാധിപത്യപ്രക്രിയയെ തന്നെ സംശയത്തിലാക്കുന്ന ഇടപെടലുകളാണ്‌ തുടർച്ചയായി ഉണ്ടാകുന്നതെന്ന്‌ സിപിഐ എം നേതാവും മുൻ എംഎൽഎയുമായ മുഹമദ്‌ യൂസഫ്‌ തരിഗാമി പ്രതികരിച്ചു. വീണ്ടുവിചാരമോ യുക്തിയോ ഇല്ലാത്ത ഉത്തരവാണ്‌ പുറപ്പെടുവിച്ചത്‌.

ജനങ്ങൾ ഒറ്റക്കെട്ടായി ശബ്‌ദമുയർത്തിയാൽ സർക്കാരിനെയും അധികൃതരെയും തിരുത്തിക്കാമെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. ജമ്മു കശ്മീരിൽ മതപരവും പ്രാദേശികവുമായ വിഭജനം സൃഷ്ടിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.