ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല;എൽദോസ് കെപിസിസിയുമായി ഉടനെ ബന്ധപ്പെടണമെന്ന് വി ഡി സതീശൻ

0
127

ബലാൽസംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. എൽദോസ് എത്രയും പെട്ടന്ന് കെപിസിസിയുമായി ബന്ധപ്പെടണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. പീഡനപരാതിയിൽ മാതൃകാപരമായ തീരുമാനമെടുക്കുമെന്നും ഇരയ്ക്കൊപ്പമാണ് നിൽക്കുകയെന്നും സതീശൻ പറഞ്ഞു.

കെപിസിസി തീരുമാനം എടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ല. എൽദോസിൽ നിന്നും വിശദീകരണം തേടും. എൽദോസുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് വിശദീകരണം നൽകണമെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായാണ് ക്രൈബ്രാഞ്ച് സംഘം മുന്നോട്ട് പോകുന്നത്. ജനപ്രതിനിധിയായതിനാൽ തുടർനടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണർ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. എൽദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എൻ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവർഷം തടവുശിക്ഷ വരെ എൽദോസിന് ലഭിക്കാം. നാളെയാണ് എൽദോസിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.

യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ ഇന്ന് അന്വേഷണസംഘം കോടതിയിൽ നൽകും. എംഎൽഎ വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നൽകി.