കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ പാളത്തിൽ ബോംബെന്നു കരുതുന്ന വസ്തു കണ്ടെത്തിയത് ആശങ്ക പരത്തി. ഇന്നലെ രാത്രി 9.40നാണ് സ്റ്റേഷന് ഏതാനും മീറ്റർ അകലെ സിഗ്നൽ ലൈറ്റിനു സമീപം പാളത്തിൽ പ്ലാസ്റ്റിക്ക് ടാപ്പ് കൊണ്ട് വിരിഞ്ഞു മുറുക്കി കമ്പി കൊണ്ട് കെട്ടിയ നിലയിൽ ബോംബിനു സമാനമായ വസ്തു കണ്ടെത്തിയത്. റെയിൽ പാളത്തിനരികിലെ വീട്ടിൽ താമസിക്കുന്ന അജയ് ആണ് ടോർച്ച് വെളിച്ചത്തിൽ ഇതു കണ്ടത്. ഉടൻ തന്നെ സൗത്ത് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരമറിച്ചു.ബോംബായിരിക്കുമെന്ന നിഗമനത്തെ തുടർന്ന് ഇതുവഴി കടന്നു പോകേണ്ട ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് എടക്കാട് നിർത്തിയിട്ടു. ഈ സമയം കടന്നു പോകേണ്ട ഗുഡ്സ് ട്രെയിനുകളെ മറ്റു സ്റ്റേഷനുകളിലും പിടിച്ചിട്ടു. പൊലീസും ആർപിഎഫും റെയിൽവേ അധികൃതരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും ട്രാക്കിൽ നിന്നു കസ്റ്റഡിയിലെടുത്ത് സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. തുടർന്ന് ബോംബ് സ്ക്വാഡ് നടത്തിയ വിശദ പരിശോധനയിൽ കടലാസുകൾ ചുരുട്ടിക്കൂട്ടി സെല്ലോ ടാപ്പ് കൊണ്ട് ഒട്ടിച്ചതാണെന്നു കണ്ടെത്തി.
ഇതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. ഒരു മണിക്കൂറോളം മുൾമുനയിലായിരുന്നു റെയിൽവേ അധികൃതരും ആർഫിഎഫും. പരിശോധ നയ്ക്ക് ശേഷം ആശങ്കയ്ക്കു വിരമമായതോടെ 11 മണിക്കു ശേഷം ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. അതേ സമയം, സംഭവം നിസാരമായി കാണാനാകില്ലെന്നാണ് റെയിൽവേയുടെയും പോലീസിന്റെയും വിലയിരുത്തൽ. അലക്ഷ്യമായി ആരെങ്കിലും വലിച്ചെറിഞ്ഞ വസ്തുവല്ല ഇതെന്നും ജനങ്ങളിൽ ആശങ്ക പരത്താനായി ആരോ ബോധപൂർവം കൊണ്ടിട്ടതാണെന്നും ആർപിഎഫ് പറഞ്ഞു.
രാത്രിയും പകലും റെയിൽ പാളങ്ങളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുൻപ് കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിൽ റെയിൽപാളത്തിൽ കരിങ്കൽ കഷ്ണങ്ങളും മരത്തടികളും നിരത്തി വച്ചിരുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ട്രെയിൻ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നോ ഇതെന്ന് അന്വേഷണം നടന്നു വരുന്നതിനിടെയാണ് ആശങ്കയും ഭീതിയും സൃഷ്ടിച്ചു കൊണ്ട് ഇന്നലെ റെയിൽപാളത്തിൽ വ്യാജ ബോംബ് കണ്ടെത്തിയത്.