അധ്യാപികയായ യുവതിയെ ബലാത്സംഗ ചെയ്തെന്ന കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കൈവിട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം. എൽദോസ് തെറ്റ് ചെയ്തെന്നാണ് പാർട്ടി കരുതുന്നതെന്നും ഒരിക്കലും സംരക്ഷിക്കില്ലയെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാധ്യമങ്ങളോടായി പറഞ്ഞു. എംഎൽഎ എവിടെയാണെങ്കിലും കെപിസിസിടക്ക് ഉടൻ വിശദീകരണം നൽകണെമെന്നും എൽദോസിനു വേണ്ടി പ്രതിരോധിക്കാൻ കോൺഗ്രസുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിലവിൽ എംഎൽഎക്കെതിരെ ബലാത്സംഗം, തട്ടികൊണ്ടു പോകൽ, സ്ത്രീക്കെതിരെ മർദ്ദനം, അതിക്രമിച്ചു കടന്നു, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പകൾ ചുമത്തിയാണ് പോലീസ് നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
എൽദോസിനെ സംരക്ഷിക്കേണ്ട കാര്യം കോൺഗ്രസിനില്ല. ആ നിലയ്ക്കൊന്നും കെപിസിസി തരംതാഴില്ലയെന്ന് കെ സുധാകരൻ പറഞ്ഞു. സ്വഭാവികമായി കെപിസിസി എംഎൽഎയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം വൈകിയാൽ പാർട്ടി നടപടിയെടുക്കും. എൽദോസ് തെറ്റ് ചെയ്തെന്നാണ് പാർട്ടി കരുതുന്നതെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിനയിൽ ഇരിക്കെ എൽദോസ് കുന്നപ്പിള്ളി ഒളിവിൽ പോകേണ്ട ആവശ്യമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എംഎൽഎ എവിടെയാണെങ്കിലും കെപിസിസിക്ക് ഉടൻ തന്നെ വിശദീകരണം നൽകണം. കോൺഗ്രസിന്റേത് സ്ത്രീപക്ഷ നിലപാടാണെന്നും എംഎൽഎയെ പ്രതിരോധിക്കാൻ ശ്രമിക്കില്ലെന്നും വിഡി സതീശൻ വീണ്ടും നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എട്ട് മണിക്കൂറോളം സമയമെടുത്താണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ അന്വേഷണ സംഘം ചുമത്തിയത്. തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫോണ്‍ ഹാജരാക്കാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും കൂടാതെ അതിൽ പണം വാഗ്ദാനം ചെയ്തെന്നും യുവതി മൊഴി നൽകി. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് പരാതി. എന്നാൽ യുവതി നേരത്തെ മൊഴി നൽകാൻ തയ്യാറായിരുന്നില്ല.
യുവതിയെ കാണാൻ ഇല്ലെന്ന് കാണിച്ച് സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് ഇവരുമായി കോവളത്തേക്ക് തെളിവെടുപ്പിന് പോവുകയായിരുന്നു. കഴിഞ്ഞമാസം 14നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പിന്നീട് സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പോലീസിന് കൈമാറി. എന്നാൽ കേസിൽ രണ്ട് തവണ മൊഴി നൽകാനായി അധ്യാപികയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ബന്ധുക്കളുമായി ആലോചിച്ച ശേഷം വിശദമായ മൊഴി നൽകാമെന്നായിരുന്നു യുവതി പറഞ്ഞത്.
സംഭവം വിവാദമായതോടെ എംഎൽഎ ഒളിവിലാണ്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ച കുന്നപ്പിള്ളിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. അതേസമയം കുന്നപ്പിള്ളിക്കെതിരെയുള്ള പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റി. കോവളം എസ്എച്ച്ഒയായ ജി.പ്രിജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലമാറ്റി കൊണ്ട് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. കേസിൽ പ്രിജു എംഎൽഎയ്ക്കു വേണ്ടി ഒത്തുതീർപ്പിന് ശ്രമിച്ചുയെന്നു പരാതിക്കാരിയായി യുവതി ആരോപിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നടപടി.