സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടെ കാണാതായത് 66,838 പേരെ

0
82

സംസ്ഥാനത്ത് 2016 മുതൽ 2022 സെപ്റ്റംബർവരെ 66,838 പേരെ കാണാതായെന്നാണ് കേരള പൊലീസിന്റെ രേഖകൾ. ഈ വർഷം സെപ്റ്റംബർവരെ കാണാതായത് 7408 പേരെ. ഇലന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ കാണാതാകൽ കേസുകളുടെയും സ്ഥിതി വിലയിരുത്താൻ പൊലീസ് മേധാവി നിർദേശം നൽകി. സ്ത്രീകളെയും കുട്ടികളെയും കാണാതായ സംഭവങ്ങള്‍ക്കാകും പ്രാധാന്യം നൽകുക.

ആറു വര്‍ഷത്തിനിടെ അറുപതിനായിരത്തിലധികം പേരെ കാണാതായെങ്കിലും ഓരോ വർഷവും ഇതിൽ 80 ശതമാനത്തോളംപേർ തിരിച്ചുവരുകയോ കണ്ടെത്തുകയോ ചെയ്യാറുണ്ട്. 2016 മുതൽ 2018 ജനുവരി വരെ 16,637 പേരെ കാണാതാവുകയും 13,765 പേർ മടങ്ങിയെത്തുകയോ കണ്ടെത്തുകയോ ചെയ്തു. സംസ്ഥാനത്ത് ഐ എസ് ഭീകരസംഘങ്ങളിൽ മലയാളികൾ ഉൾപ്പെട്ട സംഭവങ്ങളിലാണ് മുമ്പ് പല ജില്ലകളിലും തിരോധാനക്കേസുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയത്. വിദേശങ്ങളിൽ ഭീകരസംഭവങ്ങളുമായി ബന്ധപ്പെട്ട് പിടിക്കുകയോ മരിക്കുകയോ ചെയ്തവർ മലയാളികളാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം ഒദ്യോഗികമായി അറിയിച്ചപ്പോഴാണത്.

നരബലിക്കേസ് അന്വേഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമീപകാലത്ത്‌ എറണാകുളത്ത് കാണാതായ 14 ഉം പത്തനംതിട്ടയിൽ കാണാതായ 12 ഉം പേരുടെ കേസും പൊലീസ് വീണ്ടും അന്വേഷിക്കുന്നു. ഇവരിൽ ആരെങ്കിലും നരബലിക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

പത്തനംതിട്ടയിൽ കാണാതായ കേസുകളിൽ മൂന്നെണ്ണം രജിസ്റ്റർ ചെയ്തിരിക്കുന്നത് പൊലീസ് ആറന്മുള സ്റ്റേഷനിലാണ്. നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കും ഭഗവൽ സിങ്ങിനും ഈ പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പത്തനംതിട്ടയിൽനിന്നു കാണാതായ മറ്റു സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ച പോലീസ്, ഇവർ ആരെങ്കിലും ഇലന്തൂർ കേസിലെ പ്രതികളുമായി ബന്ധപ്പെട്ടിരുന്നോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

എറണാകുളം ഷേണായീസ് തിയേറ്ററിനു സമീപത്ത് ഷാഫി നടത്തിയിരുന്ന ഹോട്ടൽ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഈ ഹോട്ടലിൽ എത്തിയിരുന്ന സ്ത്രീകളെയും പെൺകുട്ടികളെയും വശത്താക്കുന്നതിന്‌ ഷാഫി പല തന്ത്രങ്ങളും പയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.