കേന്ദ്രം ഉത്തരം നല്‍കണം ; നോട്ടുനിരോധനത്തില്‍ സുപ്രീംകോടതി

0
113

മോദിസർക്കാര്‍ നോട്ടുനിരോധിച്ചത് ചോദ്യംചെയ്ത ഹർജികളിൽ കേന്ദ്രസർക്കാരും റിസർവ്‌ ബാങ്കും വിശദസത്യവാങ്‌മൂലം സമർപ്പിക്കണമെന്ന്‌ സുപ്രീംകോടതി. ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരംനൽകാൻ സർക്കാരിനും ആർബിഐക്കും ഉത്തരവാദിത്വമുണ്ടെന്നും  ഭരണഘടനാ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

നോട്ടുകൾ മുഴുവൻ നിരോധിക്കാൻ ആർബിഐ നിയമം കേന്ദ്രസർക്കാരിന്‌ സമ്പൂർണ അധികാരം നൽകുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ പ്രധാനവാദം. നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനുമുമ്പ്‌ നടന്ന റിസർവ്‌ ബാങ്ക്‌ ബോർഡ്‌ യോഗങ്ങളുടെ രേഖകൾ സമർപ്പിക്കണമെന്നും ജസ്റ്റിസ്‌ അബ്‌ദുൾനസീർ അധ്യക്ഷനായ നാലംഗ ഭരണഘടനാ ബെഞ്ച്‌ നിർദേശിച്ചു.

കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കടരമണിയുടെയും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയുടെയും ശക്തമായ എതിർപ്പുകൾ കണക്കിലെടുക്കാതെയാണ്‌ സുപ്രീംകോടതി നടപടി. അക്കാദമിക് പ്രാധാന്യംമാത്രമാണ്‌  വിഷയത്തിനുള്ളതെന്നും അപ്രസക്തമായ ഹര്‍ജികള്‍ തള്ളണമെന്നുംകേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ചാണ്‌ സർക്കാർ നോട്ടുകൾ നിരോധിച്ചതെന്നും അത്‌ ചോദ്യംചെയ്‌തില്ലെങ്കിൽ ഭാവിയിലും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.  ഈ വാദം പരിഗണിച്ചാണ്‌ സുപ്രീംകോടതി ഇടപെടല്‍.

സർക്കാരിന്റെ നയപരമായ വിഷയങ്ങളിൽ കോടതി ഇടപെടലുകൾക്ക്‌ പരിമിതിയുണ്ട്‌.ആ ലക്ഷ്‌മണരേഖയെ കുറിച്ച്‌ അറിയാമെങ്കിലും നോട്ട്‌ നിരോധനം എങ്ങനെ നടപ്പിലാക്കിയെന്ന കാര്യം പരിശോധിക്കും  സുപ്രീംകോടതി നിലപാട്‌ വ്യക്തമാക്കി.