സംഭവദിവസം എൽദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്റ് ഹൗസിൽ മുറിയെടുത്തിരുന്നതിന് തെളിവ് പുറത്ത്

0
103

പീഡനപരാതിയെത്തുടർന്ന് ഒളിവിൽപ്പോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, സംഭവദിവസം കോവളം ഗസ്റ്റ് ഹൗസിൽ മുറിയെടുത്തിരുന്നതിന് തെളിവ്. സെപ്തംബർ 14, 15 തീയതികളിലാണ് ഗസ്റ്റ് ഹൗസിൽ മുറിയെടുത്തിരിക്കുന്നത്. കോവളത്തും പരിസരപ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

കോവളത്തു വെച്ച് തന്നെ മർദ്ദിച്ചു എന്നാണ് യുവതിയുടെ പരാതി. അതുകണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വന്നപ്പോൾ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി വിട്ടു. മർദ്ദനത്തിൽ പരുക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പരാതിയിൽ ആരോപിക്കുന്നു.

എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ നിരന്തര മദ്യപാനിയായ എൽദോസ് മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. മദ്യപിച്ചാൽ എൽദോസ് ആക്രമകാരിയാണ്. തന്നെ മർദ്ദിക്കുമ്പോൾ എംഎൽഎയുടെ പി എ ഡാമി പോൾ, സുഹൃത്തായ ജിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു. കോവളത്ത് വച്ച് പരസ്യമായാണ് മ‍ർദിച്ചത്.

അതേമയം യുവതിയുടെ പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ചൊവ്വാഴ്ച കുന്നപ്പിള്ളി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപരും ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്. പീഡനപരാതി പുറത്തായതോടെ അറസ്റ്റ് ഭയന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിലാണ്. കഴിഞ്ഞ നാല് ദിവസമായി എംഎൽഎ പൊതുപരിപാടികളിൽ പങ്കെടുത്തിട്ടില്ല. എംഎൽഎയും ഓഫീസ് ജീവനക്കാരും ഫോൺകോളുകളും എടുക്കുന്നുമില്ല.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോവളം പൊലീസാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.