ആദ്യ ഭാര്യയോട് നീതി പുലർത്താൻ കഴിയാത്ത മുസ്ലീമിന് രണ്ടാമത് വിവാഹം കഴിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി

0
122

തന്‍റെ ആദ്യ ഭാര്യയെയും കുട്ടികളെയും ശരിയായ രീതിയില്‍ പരിപാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഒരു മുസ്ലീം പുരുഷന് രണ്ടാമത് വിവാഹം കഴിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം വിവാഹം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.

ദാമ്പത്യാവകാശങ്ങൾ സംബന്ധിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഒരു മുസ്ലീം യുവാവ് നൽകിയ അപ്പീൽ പരിഗണിക്കവെയായിരുന്നു മുസ്ലീം വിവാഹം സംബന്ധിച്ച നിര്‍ണ്ണായക നിരീക്ഷണം അലഹബാദ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇസ്ലാമിക നിയമമനുസരിച്ച്, ഒരു മുസ്ലീം പുരുഷന് നാലു വിവാഹം വരെയാകാം. അതായത്, ഒരു ഭാര്യ ജീവിച്ചിരിക്കേ വീണ്ടും വിവാഹം കഴിയ്ക്കാം. എന്നാല്‍, ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹത്തെ ഭാര്യ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ഒരുമിച്ച് ജീവിക്കാൻ അവരെ നിർബന്ധിക്കാൻ കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങാൻ അവകാശമില്ല, കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യ പ്രകാശ് കേശർവാനി, ജസ്റ്റിസ് രാജേന്ദ്ര കുമാർ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ നിരീക്ഷണം നടത്തിയത്.

വിശുദ്ധ ഖുർആനിന്‍റെ കൽപ്പന പ്രകാരം ഒരു പുരുഷന് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാമെന്നും എന്നാൽ അവരോട് നീതിപൂർവ്വം ഇടപെടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാല്‍ ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. “ഒരു മുസ്ലീം പുരുഷന് തന്‍റെ ഭാര്യയെയും കുട്ടികളെയും പോറ്റാൻ കഴിവില്ലെങ്കിൽ, വിശുദ്ധ ഖുർആനിന്‍റെ കൽപ്പന പ്രകാരം അയാൾക്ക് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ കഴിയില്ല,” കോടതി നിരീക്ഷിച്ചു.

കോടതിയുടെ ഈ നിരീക്ഷണത്തിന് പ്രേരകമായ സംഭവമിതാണ്

ഒരു മുസ്ലീം യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സന്ത് കബീർ നഗറിലെ കുടുംബ കോടതി അയാളുടെ ആദ്യ ഭാര്യയോട് അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഭർത്താവിനൊപ്പം ജീവിക്കാൻ ഉത്തരവിടാൻ വിസമ്മതിച്ചിരുന്നു. കോടതിയുടെ ഈ ഉത്തരവിനെതിരെ ഹരജിക്കാരനായ അസീസുർ റഹ്മാൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. സന്ത് കബീർ നഗറിലെ കുടുംബ കോടതിയുടെ തീരുമാനം അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്പി കേശർവാണിയും രാജേന്ദ്ര കുമാറും ശരിവച്ചു.

ആദ്യ ഭാര്യയോട് നീതി പുലർത്താൻ കഴിയാത്ത മുസ്ലീമിന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ഖുർആൻ തന്നെ അനുവദിക്കുന്നില്ല. ഇത് ആദ്യഭാര്യയോടുള്ള ക്രൂരതയാണെന്നും ആദ്യഭാര്യയെ ഭർത്താവിനൊപ്പം ജീവിക്കാൻ കോടതിക്ക് നിർബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഈ നിലപാട് മാന്യമായ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള സ്ത്രീകളുടെ അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണ് എന്നും ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഭർത്താവിനൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ നിർബന്ധിച്ചാൽ അത് സ്ത്രീയുടെ അന്തസ്സുള്ള ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാകുമെന്നും കോടതി പറഞ്ഞു.