കോവിഡ് ബാധിച്ച വയോധികരില്‍ മറവിരോഗം കൂടുന്നുവെന്ന പുതിയ പഠനം ശ്രദ്ധേയമാകുന്നു

0
125

കോവിഡ് വന്ന് പോയവരില്‍ നീണ്ട കാലത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കോവിഡിന് ശേഷവും മാസങ്ങളോളം അതിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനെ ‘ലോംങ് കോവിഡ്’ എന്നാണ് വിളിക്കുന്നത്. കോവിഡ് ബാധിച്ച വയോധികരില്‍ മറവിരോഗം കൂടുന്നുവെന്ന പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. അല്‍ഷൈമേഴ്‌സ് ഡിസീസ് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്.

യു.എസിലുള്ള അറുപത്തിയഞ്ചിനും അതിനു മുകളിലും പ്രായമുള്ള 6.2 ദശലക്ഷം വയോധികരുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചാണ് പഠനത്തിലെത്തിയത്. 2020 ഫെബ്രുവരിക്കും 2021 മേയിനും ഇടയില്‍ ചികിത്സയില്‍ കഴിഞ്ഞവരായിരുന്നു ഇവര്‍. ഇവരെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു വിഭാഗം കോവിഡ് ബാധിച്ചവരും മറുവിഭാഗം അല്ലാത്തവരുമായിരുന്നു. നേരത്തെ അല്‍ഷൈമേഴ്‌സ് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവരുമായിരുന്നു.

രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികരില്‍ ഒരു വര്‍ഷത്തിനിപ്പുറമാണ് മറവിരോഗം കൂടുന്നതായി കണ്ടെത്തിയത്. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടത്. എണ്‍പത്തിയഞ്ചിനു മുകളിലുള്ള സ്ത്രീകളില്‍ ഇക്കാലയളവില്‍ മറവിരോഗം കൂടിയിട്ടുണ്ട്. പ്രായമായവരില്‍ മറവിരോഗം ബാധിച്ചിരുന്നതിന്റെ തോത് 0.35 ശതമാനം ആയിരുന്നിടത്ത് കോവിഡിനു പിന്നാലെയുള്ള ഒരുവര്‍ഷം കൊണ്ട് 0.68 ആയി മാറിയെന്നാണ് കണ്ടെത്തല്‍. മുമ്പുണ്ടായ വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ഇതില്‍ സ്വാധീനമുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.