റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

0
116

യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സാധാരണ യുക്തിസഹമായി ചിന്തിക്കുന്ന പുടിന്‍, യുക്രെയ്നിലെ സാധ്യതകളെ പറ്റി ശരിയായി മനസിലാക്കിയില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. യുക്രെയ്നില്‍ റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന് വിചാരിക്കുന്നില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ പരാമര്‍ശം. ജി-20 ഉച്ചകോടിയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

അതിനിടെ, കീവില്‍ ഉള്‍പ്പെടെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധം ആവശ്യപ്പെട്ട് ജി -7 രാജ്യങ്ങളോട് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. റഷ്യയുടെ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും സെലന്‍സ്കി അഭ്യര്‍ത്ഥിച്ചു. ബെലാറൂസ് അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നാണ് യുക്രെയ്ന്റെ ആവശ്യം. വേഗത്തില്‍ സഹായം നല്‍കിയാല്‍ മാത്രമെ റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാനാകൂ എന്ന് യുക്രെയ്ന്‍ വ്യക്തമാക്കുന്നത്.

കീവില്‍ റഷ്യ മിസൈല്‍ ആക്രമണവും സ്ഫോടന പരമ്പരകളും നടത്തിയതിന്റെ പശ്ചാത്തലത്തില്‍ യുക്രെയ്നനെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം ജി -7 രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. യുക്രെയ്ന് സഹായമെത്തിക്കുന്നത് തുടരുമെന്നും എത്രകാലവും സംരക്ഷിക്കാന്‍ തയ്യാറാണെന്നുമാണ് യോഗത്തിന് ശേഷം ജി -7 പ്രതിനിധികള്‍ അറിയിച്ചത്. എന്നാല്‍ കീവിന് നേരെയുള്ള ആക്രമണം റഷ്യ – ക്രീമിയ പാലം തകര്‍ത്തതിനുള്ള മറുപടിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ. അതിനിടെ, ജി -20 ഉച്ചകോടിയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചാല്‍ തള്ളിക്കളയില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി.