അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതില്‍ ടി.വി ചാനലുകളുടെ പങ്ക് ചാനൽ ചർച്ചയിൽ വിവരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. അന്ധവിശ്വാസ നിര്‍മാര്‍ജാന ബില്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ നരബലിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇതുപോലുള്ള അന്ധവിശ്വാസങ്ങളും പൊട്ടത്തരങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ നിങ്ങളെപ്പോലുള്ള ചാനലുകൾക്കും പങ്കുണ്ട്. വിഷുവിനൊക്കെ ഓരോരുത്തരെ വിളിച്ചു വരുത്തി വിഷുഫലവും വാരഫലവും പറയിപ്പിക്കുന്ന നിങ്ങൾ ചെയ്യുന്നതും ഇതൊക്കെത്തന്നെയാണ്. എന്ത് പൂജ ചെയ്താലും ഒരു പത്ത് പൈസയുടെ ഗുണം ഉണ്ടാവില്ലെന്ന് ബോധവത്കരിക്കണം. അതിന് പകരം ഇമ്മാതിരി വിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കരുത്. അവതാരകൻ തലതാഴ്ത്തി ഇരുന്നതല്ലാതെ മറുപടിയൊന്നും കൊടുത്തില്ല.
‘ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നേടാനുള്ള ഉപാധിയായിട്ടാണ് ഭഗവല്‍ സിങ് ഇത് ചെയ്യുന്നത്. ഷാഫി ഇത് ചെയ്തത് ഒരു ക്വട്ടേഷന്‍ ആയിട്ടാണ്. ആളെ സംഘടിപ്പിച്ച് കാശ് നേടുക എന്നതാണ് ഷാഫി ലക്ഷ്യമാക്കിയത്. ഭഗവല്‍ സിങുമാര്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തെയാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.
സര്‍വൈശ്വര്യ പൂജ നടത്തി മള്‍ട്ടി നാഷണല്‍ ഹോസ്പിറ്റലുകള്‍ പണിത സാഹചര്യം ഇവിടെയുണ്ട്. ഭഗവല്‍സങിനെപ്പോലുള്ള സമാനര്‍ ഇനിയും ഉണ്ടിവിടെ. ഇതിനെതിരെ ബോധവല്‍ക്കരണം വേണം. അതുകൊണ്ട് തന്നെ അന്ധവിശ്വാസ നിര്‍മാര്‍ജാന ബില്‍ കൊണ്ടുവണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ സന്ദീപാനന്ദ ഗിരി കൂട്ടിച്ചേര്‍ത്തു.