അന്ധവിശ്വാസക്കൊല സ്‌പെഷ്യൽ ടീം അന്വേഷിക്കും; പൊലീസിന് കൊടുക്കാം ഒരു ബിഗ് കയ്യടി

0
119

പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന രണ്ടു സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും.

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ്.എന്‍.എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.

സെപ്തംബർ 27 ന് ആണ്‌ കടവന്ത്ര പൊന്നുരുന്നി പഞ്ചവടി കോളനിയിൽ താമസിച്ചിരുന്ന തമിഴ്‌നാട്‌ സ്വദേശിയായ തന്റെ അമ്മ പത്മത്തെ കാണാനില്ലെന്ന പരാതിയുമായി ശെൽവരാജ്‌ എന്ന യുവാവ്‌ പോലീസിൽ പരാതി നൽകുന്നത്‌.കേരളത്തിലെത്തി ആദ്യം സ്വന്തം നിലയില്‍ അന്വേഷിച്ചു. കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ്‌,കോള്‍ ലിസ്റ്റുകളും സിസിടിവി ദൃശ്യങ്ങളും അന്വേഷിക്കാമെന്ന് ശെൽവരാജിന്‌ ഉറപ്പ് നല്‍കി അയച്ചു.

സെപ്റ്റംബര്‍ 26ന് പത്മത്തെ കാണാതാകുന്നത്‌. ലോട്ടറി കച്ചവടമായിരുന്നു തൊഴില്‍. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് പോലീസിനെ എത്തിച്ചത്‌. ഇയാളെ ചോദ്യം ചെയ്തതിലൂടെ നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു.
പഴുതടച്ച ആ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.

വെറുമൊരു സാധാരണക്കാരിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ തിരോധനം ഒരു പതിവ്‌ അന്വേക്ഷണം നടത്തി ഫയൽ പൂട്ടിക്കെട്ടി മാൻമിസ്സിങ്ങ്‌ കേസ്സുകളിൽ ഒന്നായി എഴുതി തീർക്കാമായിരുന്ന ഒന്നിൽ നിന്നാണ്‌ ഇന്ന് കേരളത്തെ ഞെട്ടിച്ച നരബലിയിലേയ്ക്ക്‌ എത്തിയത്‌ എന്നോർക്കുമ്പോൾ ഒരു വലിയ കൈയടി കേരള പോലീസ്‌ അർഹിക്കുന്നുണ്ട്‌..!

കേരളാ പോലീസിന്‍റെ അന്വേഷണമികവിനുളള മികച്ച ഉദാഹരണമാണ് 06.02.2022 ല്‍ തിരുവനന്തപുരം അമ്പലംമുക്കിന് സമീപത്തെ ചെടിവില്‍പ്പന കടയില്‍ നടന്ന കൊലപാതകത്തിലെ പ്രതിയുടെ അറസ്റ്റ്. ലോക്ഡൗണ്‍ ദിനത്തില്‍ തിരക്ക് കുറവായതിനാല്‍ ഈ ദിവസം തെരഞ്ഞെടുത്ത് അതീവ രഹസ്യമായി കൊലപാതകം നടത്തി രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് പോലീസ് പിടിയിലായത്. തമിഴ്നാട്ടില്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ശേഷം ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ കൊടും കുറ്റവാളിയാണ് ഇയാള്‍. ഉച്ച സമയത്ത് ഒറ്റക്ക് കടക്കുളളിലേക്ക് കയറിപ്പോയ നെടുമങ്ങാട് സ്വദേശിനിയായ ജീവനക്കാരിയെ നിരീക്ഷിച്ച ശേഷം പുറകെ കടയില്‍ കയറിയ പ്രതി കഴുത്തില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്. ധരിച്ചിരുന്ന നാലു പവന്‍റെ മാലയുമായി കടന്ന ഇയാള്‍ യാതൊരു തെളിവും അവശേഷിപ്പിക്കാതെ വേഷം മാറി പല വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് രക്ഷപ്പെടുകയായിരുന്നു. കൊലചെയ്യപ്പെട്ട സ്ത്രീ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെ കടയില്‍ കസ്റ്റമര്‍ വന്നുവെന്ന് പറഞ്ഞ ശേഷം ഫോണ്‍കട്ട് ചെയ്തു. ഇതു മാത്രമാണ് പോലീസിന് ലഭിച്ച സൂചന. ഇവര്‍ ഫോണില്‍ സംസാരിച്ച സമയത്തിന് ശേഷമുളള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു ആദ്യഘട്ടത്തിലെ അന്വേഷണം. സാഹചര്യത്തെളിവുകളും ശേഖരിച്ചു. കൃത്യമായ വിശകലനങ്ങളും പഴുതടച്ച അന്വേഷണവുമാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രതി മാറിമാറി കയറിയ വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ച് ഓരോ വാഹന ഉടമയെയും കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പോലീസ് കേസിന് തുമ്പുണ്ടാക്കിയത്. കേസ് അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ നിയോഗിച്ചു. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ രംഗത്തിറങ്ങി രാപകലില്ലാതെ നടത്തിയ അന്വേഷണത്തിലൊടുവിലാണ് തമിഴ്നാട്ടിലെ വെളളമടയില്‍ നിന്നും ഇയാള്‍ അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നാല് കൊലപാതകങ്ങള്‍ നടത്തിയ ശേഷം ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ കൊടും കുറ്റവാളിയാണ് ഇയാള്‍.

2022 ഓഗസ്റ്റ്‌ 8ന്‌ ആണ്‌ തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി മനോരമ എന്ന സ്ത്രീ കൊല്ലപ്പെടുന്നത്‌. കഴുത്ത്‌ ഞെരിച്ച്‌ കൊന്ന ശേഷം കല്ല് കെട്ടി കിണറ്റിൽ താഴ്ത്തുകയായിരുന്നു. സംഭവം അറിഞ്ഞ നിമിഷം മുതൽ ജാഗരൂഗരായ പോലീസ്‌ അന്വേക്ഷണം ആരംഭിച്ചു. വീട്ടിൽ പണിക്ക്‌ വന്നിരുന്ന ആദം അലി എന്ന ബംഗാൾ സ്വദേശി മിസ്സിംഗ്‌ ആണെന്ന് മനസ്സിലാക്കിയ പോലീസ്‌ അയാളെ പിന്തുടർന്നു, അപ്പോഴേയ്ക്കും കേരളം വിട്ട പ്രതിയെ പശ്ചിമ ബംഗാളിലേയ്ക്കുള്ള യാത്രക്കിടയിൽ ചെന്നയിൽ വെച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.

2021 ജൂലൈ 21 ന് അഞ്ചല്‍ ആയൂര്‍ റോഡില്‍ പെരിങ്ങളളൂര്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവര്‍ അജയന്‍പിളളയെ കുത്തിക്കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച് അതിവേഗം പ്രതികളെ കണ്ടെത്താന്‍ ചടയമംഗലം പോലീസിന് കഴിഞ്ഞു. കവര്‍ച്ച നടത്തുന്നതിനായി ഇരുചക്രവാഹനങ്ങളില്‍ കറങ്ങിയ സംഘം യാതൊരു തുമ്പും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകം മൊബൈല്‍ ഫോണുകളും നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് തെളിയിച്ചത്.

പാലക്കാട് ഒറ്റപ്പാലം കടമ്പഴിപ്പുറത്ത് നടന്ന ഇരട്ടക്കൊലപാതക്കേസിലെ അപ്രതീക്ഷിത അറസ്റ്റിലൂടെയും കേരളാ പോലീസ് മികവ് കാട്ടി. 2016 ജനുവരി 15 നാണ് കടമ്പഴിപ്പുറം കണ്ണുകുറിശ്ശിപ്പറമ്പില്‍ ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയെയും വീട്ടിലെ കിടപ്പ്മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ അയല്‍വാസിയും കടമ്പഴിപ്പുറം കണ്ണുകുറിശ്ശി ഉണ്ണീരിക്കുണ്ടില്‍ വീട്ടില്‍ യു.കെ.രാജേന്ദ്രന്‍ ആണ് പോലീസ് പിടിയിലായത്. തുടക്കത്തില്‍ ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. ഒരു ലക്ഷത്തിലധികം ഫോണ്‍ കോളുകളും രണ്ടായിരത്തിലധികം വിരലടയാളങ്ങളും സംഘം പരിശോധനയ്ക്ക് വിധേയമാക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നവരുടെ പട്ടികയില്‍ രാജേന്ദ്രന്‍ ഉള്‍പ്പെട്ടിരുന്നില്ല. യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത വിധത്തില്‍ ആസൂത്രിതമായിരുന്നു പ്രതിയുടെ ഓരോ നീക്കവും. സംഭവ ദിവസം താന്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതിനായി ചെന്നൈയ്ക്ക് ട്രയിന്‍ ടിക്കറ്റെടുക്കുകയും അടുത്ത പരിചയക്കാരോട് താന്‍ ജോലിസ്ഥലത്തേക്ക് പോവുകയാണെന്ന് മനപ്പൂര്‍വ്വം പറയുകയും ചെയ്ത ഇയാള്‍ പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ വരെ യാത്ര ചെയ്ത ശേഷം രാത്രി നാട്ടില്‍ തിരിച്ചെത്തിയാണ് കൊലപാതകം നടത്തിയത്‌. കൊല്ലപ്പെട്ട തങ്കമണി ധരിച്ചിരുന്ന ആറ് പവന്‍റെ ആഭരണങ്ങളും 4000 രൂപയും വീട്ടില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. സംശയിക്കുന്നവരുടെ പട്ടികയില്‍ ഉളളവരുടെ സാമ്പത്തിക ഇടപാടുകള്‍ രഹസ്യമായി അന്വേഷണ വിധേയമാക്കിയ പോലീസ് പ്രതിയായ രാജേന്ദ്രന്‍ കൊലപാതകം നടന്ന് മാസങ്ങള്‍ക്കുശേഷം ചില കടബാധ്യതകള്‍ തീര്‍ത്തതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പഴുതുകളടച്ച് പിടികൂടുന്നതിനായി കടമ്പഴിപ്പുറത്തും ചെന്നൈയിലും ക്യാമ്പ് ചെയ്ത് നിരന്തരം നിരീക്ഷണം നടത്തി ചോദ്യംചെയ്തും വിരലടയാളം ആവര്‍ത്തിച്ച് ഒത്തുനോക്കിയും തെളിവുകള്‍ ശേഖരിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

14.01.2022 ല്‍ വിഴിഞ്ഞം മുല്ലൂരില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ അതിവേഗ അറസ്റ്റാണ് കേരളാപോലീസ നടത്തിയത്. മുല്ലൂര്‍ തോട്ടം സ്വദേശിനി 75 വയസ്സുളള ശാന്തകുമാരിയെ രാത്രിയോടെ അയല്‍വാസിയുടെ വാടകവീടിന്‍റെ തട്ടിന്‍പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. മോഷണത്തെ തുടര്‍ന്നുളള കൊലപാതകമാണെന്ന് മനസിലാക്കിയ വിഴിഞ്ഞം പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വാടക വീട്ടിലെ താമസക്കാരായ റഫീഖാബീവി, മകന്‍ ഷഫീഖ്, ഇവരുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവര്‍ ഒളിവില്‍ പോയെന്ന് മനസിലാക്കിയ പോലീസ് അതിവേഗം ഇവരെ തിരഞ്ഞിറങ്ങി. ഞൊടിയിടയില്‍ സൈബര്‍ പോലീസിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ രക്ഷപ്പെടുന്നതിനായി കോഴിക്കോടേക്കുളള സ്വകാര്യ ബസില്‍ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. മിനിറ്റുകള്‍ക്കുളളില്‍ കഴക്കൂട്ടത്തിന് സമീപം വച്ച് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പോലീസ് മൂവരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ ഒരു വര്‍ഷം മുമ്പ് പൂവാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 14 വയസുകാരി കൊല്ലപ്പെട്ടതിന് പിന്നിലും റഫീഖാബീവിയും മകന്‍ ഷഫീഖുമാണെന്ന് പോലീസ് കണ്ടെത്തി.

വയനാട് പനമരത്ത് വൃദ്ധദമ്പതികള്‍ കുത്തേറ്റ് മരിച്ച കേസിലും കേരളപോലീസ് അന്വേഷണ മികവ് തെളിയിച്ചു. 2021 ജൂണ്‍ പത്തിനാണ് റിട്ടയേര്‍ഡ് അധ്യാപകന്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്. വൃദ്ധദമ്പതികളുടെ അയല്‍വാസിയാണ് പ്രതിയായ അര്‍ജുന്‍. മോഷണ ശ്രമത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ പലഘട്ടത്തിലും ഇയാള്‍ ചോദ്യം ചെയ്യലിന് വിധേയനായെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ വിട്ടയച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. കേസില്‍ 300 ല്‍ അധികം പേരെ ചോദ്യം ചെയ്താണ് പ്രതിയെ കണ്ടെത്തിയത്.

2019 ഡിസംബര്‍ 15 ന് ആണ്‍ സുഹൃത്തിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ കൊലപാതകിയെ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി. ഭര്‍ത്താവിന്‍റെ വീട്ടുകാരുമായി പിണങ്ങി സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെയാണ് പത്തനംതിട്ട പുല്ലാനിപ്പാറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതി യുവതിയുടെ വീട്ടുകാരും സുഹൃത്തും പരസ്പരം പഴിചാരിയ കേസ് ക്രൈംബ്രാഞ്ച് എറ്റെടുത്തതോടെയാണ് വഴിത്തിരിവായത്. യുവതിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച ഡി.എന്‍.എ അജ്ഞാതനായ ഒരാളുടേതാണെന്ന കണ്ടെത്തല്‍ അന്വേഷണത്തില്‍ നിര്‍ണായകമായി. ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി ആ ദിവസം പരിസരത്തുണ്ടായിരുന്ന മൂന്ന് പേരിലേക്ക് അന്വേഷണം ചുരുക്കി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി യുവതിയുമായി യാതൊരു ബന്ധവുമില്ലായിരുന്ന കൊട്ടാങ്ങല്‍ സ്വദേശി നസീര്‍ ആണെന്ന് കണ്ടെത്തിയത്. മാനഭംഗശ്രമത്തിനിടെ നടന്ന കൊലപാതകമായിരുന്നു അത്. മരംവെട്ട് ജോലിക്കാരനായിരുന്ന ഇയാള്‍ യുവതിയുടെ കഴുത്തില്‍ ഇട്ട കുരുക്കിന്‍റെ പ്രത്യേകതയും പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു

.ഒരു സംവിധാനത്തെ നൂറു ശതമാനം കുറ്റമറ്റതാക്കി മാറ്റുക എന്നത്‌ പ്രയാസകരമായ ഒന്നാണ്‌ , പക്ഷെ അതിനായി പരിശ്രമിക്കാൻ സാധിക്കുക എന്നത്‌ വലിയൊരു കാര്യവുമാണ്‌. തീർച്ചയായും അത്തരമൊരു പരിശ്രമത്തിലാണ്‌ ഈ സർക്കാർ. ഏത്‌ സാധാരണക്കാരനും വൈകാതെ നീതി ലഭിക്കുന്ന ഒന്നായി പോലീസ്‌ മാറുന്നു എന്നതിന്‌ ഉദാഹരണമാണ്‌ ഇലന്തൂർ ഇരട്ടക്കൊലക്കേസ്.
കേരള പൊലീസിന് കൊടുക്കാം ഒരു മികച്ച കയ്യടി.