സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. എലീറ്റ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ കരുത്തരായ കർണാടകയെ 53 റൺസിനാണ് കേരളം തുരത്തിയത്. കേരളം മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കർണാടകയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ സാധിച്ചുള്ളൂ. 46 റൺസെടുത്ത് പുറത്താവാതെ നിന്ന അഭിനവ് മനോഹറാണ് കർണാടകയുടെ ടോപ്പ് സ്കോറർ. കേരളത്തിനായി വൈശാഖ് ചന്ദ്രൻ 4 ഓവറിൽ 11 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി
പിച്ചിൻ്റെ സ്വഭാവം ആദ്യ ഇന്നിംഗ്സിൽ മനസ്സിലാക്കിയ കേരളം ഓഫ് സ്പിന്നർ വൈശാഖ് ചന്ദ്രനിലൂടെയാണ് ബൗളിംഗ് ആരംഭിച്ചത്. ആദ്യ ഓവറിൽ തന്നെ കർണാടക ക്യാപ്റ്റൻ മായക് അഗർവാളിനെ (0) ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ്റെ കൈകളിലെത്തിച്ച വൈശാഖ് ക്യാപ്റ്റൻ്റെ വിശാസം കാത്തു. തുടർന്ന് ഇംപാക്ട് പ്ലയർ ചേതൻ എൽആർ (0), ദേവ്ദത്ത് പടിക്കൽ (9), മനീഷ് പാണ്ഡെ (9) എന്നിവരെക്കൂടി മടക്കിയ വൈശാഖ് കർണാടക ടോപ്പ് ഓർഡറിനെ തകർത്തെറിഞ്ഞു.
കർണാക ഇംപാക്ട് പ്ലയർ നിരാശപ്പെടുത്തിയെങ്കിലും കേരളത്തിൻ്റെ ഇംപാക്ട് പ്ലെയർ എസ് മിഥുൻ രണ്ട് വിക്കറ്റുകളുമായി കളം നിറഞ്ഞു. ലുവ്നിത് സിസോദിയ (36), ജഗദീശ സുചിത് (5) എന്നിവരാണ് മിഥുനു മുന്നിൽ വീണത്. എംഎസ് ഭന്ദഗെയെ (5) മറ്റൊരു സ്പിന്നർ സിജോമോൻ ജോസഫ് മടക്കി. വി വൈശാഖിനെ (10) മടക്കിയ ബേസിൽ തമ്പി, കൃഷ്ണപ്പ ഗൗതമിനെ (2) പുറത്താക്കിയ ആസിഫ് കെഎം എന്നിവരും വിക്കറ്റ് കോളത്തിൽ ഇടംപിടിച്ചു.
ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 179 റൺസ് നേടിയത്. 95 റൺസെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീൻ്റെ ബാറ്റിംഗാണ് കേരളത്തിനു കരുത്തായത്. കേരളത്തിനായി വിഷ്ണു വിനോദും (34) തിളങ്ങി. കർണാടകയ്ക്ക് വേണ്ടി ജഗദീശ സുചിതും വി വൈശാഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.