തട്ടിയ പണത്തിന്റെ തോതാണോ പ്രശ്നം? അതോ ഗ്രൂപ് വൈരമോ? വാര്യരും സുരേന്ദ്രനും നേർക്കുനേർ

0
247

ബിജെപി വക്താവ്‌ സ്ഥാനത്തുനിന്ന്‌ സന്ദീപ്‌ വാര്യരെ നീക്കിയതിനു പിന്നിൽ തൃശൂർ കേന്ദ്രീകരിച്ച്‌ നടന്ന സാമ്പത്തിക ക്രമക്കേടെന്ന്‌ സൂചന. തൃശൂരിലെ വ്യവസായിയിൽനിന്ന്‌ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ്‌ സന്ദീപിനെതിരായ ആരോപണം. അഞ്ചുലക്ഷം രൂപ നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ട്‌ ഇയാൾ ഭീഷണിപ്പെടുത്തിയതായി വ്യവസായി ബിജെപി–-ആർഎസ്‌എസ്‌ നേതാക്കൾക്ക്‌ പരാതി നൽകിയിരുന്നു. ഇഡിയെ ഉപയോഗിച്ചും അമിത്‌ ഷായുടെ സ്വാധീനം ഉപയോഗിച്ചും കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി.

പരാതിക്കു പിന്നാലെ നിരവധി കേസുകൾ വന്നതിനു പിന്നിൽ ബിജെപിയിലെ ഒരു വിഭാഗമാണെന്ന്‌ വ്യവസായി പറയുന്നു. എന്നാൽ, കെ സുരേന്ദ്രൻ വിഭാഗക്കാരനായ ബിജെപി ജില്ലാ പ്രസിഡന്റ്‌ അനീഷ്‌ കുമാറിന്റെ ആസൂത്രിതനീക്കമാണിതിന്‌ പിന്നിലെന്നാണ്‌ സന്ദീപ്‌ വാര്യർ അനുകൂലികൾ പറയുന്നത്‌. വാങ്ങിയ പണം ബിജെപി ഫണ്ടാണെന്നും കണക്ക്‌ ബോധിപ്പിച്ചതായും അവർ പറയുന്നു.

ജില്ലയിലെ നേതാക്കൾ അറിയാതെ പണമിടപാടുകൾ നടത്തിയതിൽ സന്ദീപിനെതിരെ ഗുരുതര ആരോപണമുയർന്നിരുന്നു. സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ടും തൃശൂർ നഗരത്തിൽ വീടെടുത്തു താമസിക്കുന്ന സന്ദീപ്‌ വാര്യർക്കെതിരെ സംസ്ഥാന നേതൃത്വത്തിന്‌ പരാതി ലഭിച്ചതായും വിവരമുണ്ട്‌.
വക്താവ്‌ സ്ഥാനത്തുനിന്ന്‌ സന്ദീപ്‌ വാര്യരെ പുറത്താക്കിയ നടപടിയെച്ചൊല്ലിയും ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടൽ. ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശും നടപടിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട്‌ രംഗത്തെത്തി. നീതികേടുകൾക്കുമുന്നിൽ നിശ്ശബ്ദരാകുന്നത്‌ നിസ്സഹായതയല്ല. അത്‌ വിപ്ലവത്തിനുവേണ്ടിയുള്ള കാത്തിരിപ്പാകാം’എന്ന്‌ ഫേസ്‌ബുക്കിൽ കുറിച്ചാണ്‌ എതിർപ്പ്‌ വ്യക്തമാക്കിയത്‌.

സമൂഹമാധ്യമങ്ങളിലുൾപ്പെടെ സുരേന്ദ്രൻ പക്ഷത്തിന്റെയും വിമത പക്ഷത്തിന്റെയും അനുയായികൾ ചേരിതിരിഞ്ഞാണ്‌ പരസ്യമായി പോർവിളിക്കുന്നത്‌. വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കിയ സന്ദീപ്‌ വാര്യർ സംസ്ഥാന സുരേന്ദ്രൻപക്ഷത്തെ ശക്തനും മാധ്യമ മുഖവുമായിരുന്നു. സന്ദീപ്‌ ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച്‌ തങ്ങൾക്കൊപ്പം ചേർന്നത്‌ വിമതർക്ക്‌ കരുത്തായി. നാണംകെടുത്തി ഇല്ലാതാക്കാനാണ്‌ ശ്രമമെന്നും സാമ്പത്തിക ആരോപണമാണ്‌ കാരണമെങ്കിൽ തന്നേക്കാൾ എത്രയോ മുമ്പേ സുരേന്ദ്രനെയും മറ്റും പുറത്താക്കേണ്ടതല്ലേയെന്നുമാണ്‌ സുരേന്ദ്ര വിരുദ്ധപാളയത്തിലെ നേതാക്കളോട്‌ സന്ദീപ്‌ പരിഭവം പറഞ്ഞത്‌. തൃശൂർ നിയമസഭാ സീറ്റ്‌ നൽകാമെന്നു പറഞ്ഞാണ്‌ സുരേന്ദ്രൻ അവിടെ പാർടി ചുമതല നൽകിയതെന്നും പിന്നീട്‌ ഷൊർണൂർ നൽകി കാലുമാറിയെന്നും സന്ദീപ്‌ പറയുന്നു.

പട്ടാമ്പി കൊപ്പത്ത്‌ സ്ഥാപിച്ച റിലയൻസ്‌ മൊബൈൽ ടവറുമായി ബന്ധിപ്പിച്ച്‌ സന്ദീപ്‌ ഇട്ട ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ സുരേന്ദ്രനെ പരിഹസിച്ചുകൊണ്ടായിരുന്നു. ‘വേണേൽ അടുത്ത വാർത്തയ്‌ക്ക് സ്കോപ്പുണ്ട്. സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ടുവന്നു’ എന്നാണ്‌ കുറിപ്പ്‌ അവസാനിക്കുന്നത്‌.

സാമ്പത്തിക ക്രമക്കേടിന്റെ പേരുപറഞ്ഞ്‌ സന്ദീപിനെ നീക്കിയതിൽ നീതിയില്ലെന്നും ആദ്യം സ്വയം മാറിനിന്ന്‌ മാതൃക കാണിക്കണമായിരുന്നുവെന്നുമാണ്‌ ഭാരവാഹികളടക്കം സമൂഹമാധ്യമങ്ങളിൽ തുറന്നടിക്കുന്നത്‌. കോട്ടയത്തുചേർന്ന ബിജെപി നേതൃയോഗത്തിൽ പ്രഭാരി പ്രകാശ്‌ ജാവ്‌ദേക്കറും സഹപ്രഭാരി രാധാമോഹൻ അഗർവാളും ഗ്രൂപ്പുവഴക്കിനെതിരെ നൽകിയ മുന്നറിയിപ്പ്‌ കാറ്റിൽപ്പറത്തിയാണ്‌ നേതാക്കളുടെ പോർവിളികൾ.