ലഹരി മരുന്നുമായി മൂന്നു മലയാളികളടക്കം നാല് ഇന്ത്യക്കാർ റിയാദ് വിമാനത്താവളത്തിൽ പിടിയിൽ. ബെംഗളൂരുവിൽനിന്നെത്തിയ തമിഴ്നാട് സ്വദേശിയായ യാത്രക്കാരനും മൂന്നു മലയാളികളുമാണ് റിയാദ് പൊലീസിന്റെ പിടിയിലായത്.
ഡ്രൈ ഫ്രൂട്സ് എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്നാട്ടുകാരനും അത് ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളുമാണ് പിടിയിലായത്.
മുമ്പ് അബഹയിൽ ജോലി ചെയ്തിരുന്ന ഈ തമിഴ്‌നാട് സ്വദേശി ഫൈനൽ എക്‌സിറ്റിൽ പോയി പുതിയ വിസയിൽ വരുമ്പോഴാണ് എജന്റിന്റെ ചതിയിൽ പെട്ടത്. ടിക്കറ്റും പാസ്‌പോർട്ടും ബംഗളുരുവിലെ ഓഫീസിലാണുള്ളതെന്നും അവിടെ പോയി അതുവാങ്ങി റിയാദിലേക്ക് പോയാൽ മതിയെന്നും വിസ ഏജന്റ് പറയുകയായിരുന്നു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്‌പോർട്ടും നൽകിയപ്പോൾ ഡ്രൈ ഫ്രൂട്സ് എന്ന പേരിൽ ഒരു പാക്കറ്റും നൽകിയിരുന്നു. ഡ്രൈ ഫ്രൂട്‌സ് സ്വീകരിക്കാൻ റിയാദിൽ ആളെത്തുമെന്നും പറഞ്ഞു.
റിയാദ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഡ്രൈ ഫ്രൂട്‌സ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. ഉടൻ തന്നെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് സ്വീകരിക്കാനെത്തിയ പെരിന്തൽമണ്ണ സ്വദേശികളായ മൂന്നുപേരും പിടിയിലാകുകയായിരുന്നു.