ഫേസ് ബുക്കിൽ ബിജെപിയുടെ വിളയാട്ടം

0
111

ഫേസ് ബുക്കിൽ ബിജെപിയുടെ വിളയാട്ടം നടക്കുന്നതിന്റെ തെളിവുകൾ “ദ വയർ” പുറത്തു കൊണ്ടുവന്നു. വാട്ട്സാപ്പിലും ഇൻസ്റ്റാ ഗ്രാമിലും ഇങ്ങനെ ബിജെപിക്ക് ഇടപെടാൻ കഴിയും.
സമൂഹമാധ്യമ സ്ഥാപനമായ മെറ്റയുടെ (മുമ്പ്‌ ഫെയ്‌സ്‌ബുക്ക്‌) ‘എക്‌സ്‌ ചെക്കർ’ അംഗങ്ങളിൽ ബിജെപി ഐടിസെൽ മേധാവി അമിത്‌ മാളവ്യ നുഴഞ്ഞു കയറിയതിനെ രേഖ ‘ദ വയർ’ പുറത്തുവിട്ടു.
‘എക്‌സ്‌ ചെക്കറുകൾ’ നിർണ്ണായക ഇടപെടൽ നടത്താൻ കഴിയുന്നവരാണ്. അവർ ഇഷ്‌ടമില്ലാത്ത പോസ്‌റ്റ്‌ റിപ്പോർട്ട്‌ ചെയ്‌താൽ മിനിറ്റുകൾക്കുള്ളിൽ മറുചോദ്യമില്ലാതെ കമ്പനി നീക്കും. ഫെയ്‌സ്‌ബുക്ക്‌, വാട്‌സാപ്‌, ഇൻസ്‌റ്റഗ്രാം തുടങ്ങിയവ മെറ്റയുടേതാണ്. രണ്ടുവർഷം മുമ്പാണ്‌ ‘എക്‌സ്‌ ചെക്കർ’ സംവിധാനം ആരംഭിച്ചത്. വൻതോതിൽ ആളുകൾ പിന്തുടരുന്ന താരങ്ങൾ, രാഷ്‌ട്രീയ നേതാക്കൾ, കായികതാരങ്ങൾ തുടങ്ങിയവർക്കാണ്‌ എക്‌സ്‌ ചെക്കർ അംഗത്വം.

കോടിക്കണക്കിനുപേർ പിന്തുടരുന്ന ഫുട്‌ബോൾ താരം നെയ്‌മറടക്കമുള്ള പട്ടികയിലാണ്‌ കേവലം 15,000 പേർ ഫെയ്‌സ്‌ബുക്കിലും അയ്യായിരത്തോളംപേർ ഇൻസ്‌റ്റഗ്രാമിലും പിന്തുടരുന്ന ബിജെപി ഐടി സെൽ മേധാവി ഇടംപിടിച്ചത്‌. ഇഷ്‌ടമുള്ളതെന്തും പോസ്‌റ്റ്‌ ചെയ്യാനും കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ ഹിന്ദുത്വത്തെയോ വിമർശിക്കുന്ന പോസ്‌റ്റുകൾ ഉടൻ നീക്കം ചെയ്യാനും മാളവ്യക്ക്‌ കഴിയും. ഭരണകക്ഷിയുടെ ഐടി സെൽ മേധാവിയായതുകൊണ്ടാണ്‌ മാളവ്യയെ ഉൾപ്പെടുത്തിയതെന്നും മെറ്റ ജീവനക്കാരെ ഉദ്ധരിച്ച്‌ ‘വയർ’ റിപ്പോർട്ട്‌ ചെയ്‌തു.
ക്രിങ് ആർക്കൈവിസ്റ്റ് എന്ന ഇൻസ്‌റ്റഗ്രാം അക്കൗണ്ട്‌ യുപി മുഖ്യമന്ത്രി ആദിത്യനാഥിന്‌ അമ്പലം പണിതതിനെ വിമർശിച്ചിട്ട പോസ്‌റ്റ്‌ മിനിറ്റുകൾക്കം നീക്കിയതിനുപിന്നിൽ മാളവ്യയാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ 705 പോസ്റ്റാണ്‌ മാളവ്യ നീക്കിയത്‌. റിപ്പോർട്ട്‌ ചോർന്നുവെന്ന്‌ സമ്മതിച്ച്‌ മെറ്റയുടെ പോളിസി കമ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ ജീവനക്കാർക്കയച്ച ഇ–-മെയിലും വയർ പ്രസിദ്ധീകരിച്ചു.
മാധ്യമങ്ങളുടെ ഉടമകൾക്ക് മേലുള്ള സ്വാധീനം ഉപയോഗിച്ച് വാർത്തകൾ അനുകൂലമാക്കുകയും എതിർവാർത്തകൾ കുഴിച്ചു മൂടുകയും ചെയ്യുന്നതിന് പുറമെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഈ കടന്നുകയട്ടം.