എംഡിഎംഎയുമായി കാവനൂർ സ്വദേശിനിയായ യുവതി അടക്കമുളളവർ കോഴിക്കോട് പിടിയില്‍

0
124

കോഴിക്കോട്: മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27) അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവർ പോലീസിന്റെ പിടിയിലായി. സിറ്റി കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ടൗൺ സബ് ഇൻസ്പെക്ട്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് ആനി ഹാൾ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ച് ഗ്രാം എം.ഡി.എം.എയുമായി പ്രതികളെ പിടികൂടുന്നത്.

കോഴിക്കോട് പല സ്വകാര്യ ലോഡ്ജുകളിലും നിരവധി യുവാക്കളും സ്ത്രീകളും ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടെന്ന വിവരം ഡാൻസാഫിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ലോഡ്ജുകളിൽ പോലീസ് പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആനി ഹാൾ റോഡിലെ ഒരു സ്വകാര്യ ലോഡ്ജിൽ ഇത്തരത്തിൽ ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചത്.