പിക്‌സൽ 7 സീരീസ്; വമ്പൻ പ്രീ ഓർഡർ ഓഫറുകളുമായി കമ്പനി

0
124

ഗൂഗിൾ പിക്‌സൽ 7, പിക്‌സൽ 7 പ്രോ എന്നിവയുടെ പ്രീ ഓർഡർ ഓഫറുകൾ പ്രഖ്യാപിച്ച് കമ്പനി. ഒക്‌ടോബർ 6നാണ് പിക്‌സൽ 7 സീരീസ് സ്‍മാർട്ട് ഫോണുകൾ പുറത്തിറങ്ങുക. ഇന്ത്യയിലും ഇവ ലഭ്യമാകും. നാല് വർഷത്തിനിടെ ഇന്ത്യയിൽ തങ്ങളുടെ മുൻനിര സ്മാർട്ട്‌ ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന് മുന്നോടിയായി വൻ ഡിസ്‌കൗണ്ടുകളാണ് ഗൂഗിൾ ഉപഭോക്താക്കൾക്കായി നൽകുന്നത്.

ഫിറ്റ്ബിറ്റ് ഇൻസ്പയർ 2, പിക്‌സൽ ബഡ്‌സ് എ-സീരീസ് ഇയർഫോണുകൾക്കാണ് ഇളവുകൾ നൽകുന്നത്. വളരെ പരിമിതകാലത്തേക്ക് മാത്രമായിരിക്കും ഓഫർ. ഗൂഗിൾ പിക്‌സൽ 7, പിക്‌സൽ 7 പ്രോ ലോഞ്ചിംഗിന് മുന്നോടിയായി പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പിക്‌സൽ ബഡ്‌സ്-എ സീരീസ് ടിഡബ്ല്യുഎസ് ഇയർഫോണുകൾ വെറും 5999 രൂപക്ക് വാങ്ങാമെന്ന് കമ്പനി പ്രഖ്യാപിച്ചു. 9,999 ആണ് ഇയർഫോണുകളുടെ യഥാർത്ഥ വില.

ഫിറ്റ്ബിറ്റ് ഇൻസ്പയർ 2 ഫിറ്റ്നസ് ട്രാക്കറിനും മികച്ച ഓഫറാണ് കമ്പനി നൽകിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ കമ്പനി നൽകിയ അറിയിപ്പ് പ്രകാരം 7,999 രൂപയുടെ ഫിറ്റ്ബിറ്റ് ഇൻസ്പയർ 2 പിക്‌സൽ 7 പ്രീ ഓർഡർ ചെയ്യുന്നവർക്ക് 4,999 രൂപക്ക് ലഭിക്കും. സ്‍മാർട്ട് ഫോണുകളുടെ ഡെലിവെറിക്ക് ശേഷം പ്രീ ഓർഡർ ഓഫറുകൾ കൂപ്പണുകൾ വഴിയാകും ലഭ്യമാവുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.