കൊൽക്കത്ത ദക്ഷിണ പശ്ചിമ കൊൽക്കത്ത ഇക്‌ബാൽപുർ മേഖലയിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ. നിരവധിപ്പേർക്ക് പരിക്കേറ്റു. വാഹനങ്ങൾ തല്ലിത്തകർത്തു. മിലാദ് ഇൻ നബി ദിനാഘോഷത്തോടനുബന്ധിച്ച് ഉയർത്തിയ കൊടി ബിജെപി അനുകൂലികൾ തകർത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. നിരവധിപേരെ അറസ്‌റ്റുചെയ്‌തു. വൻ തോതിൽ പൊലീസിനെയും ദ്രുതകർമസേനയെയും വിന്യസിച്ചിട്ടുണ്ട്.
പ്രശ്‌നബാധിത മേഖലയിലേക്ക് പോകാൻശ്രമിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജൂംദാറിനെയും സംഘത്തെയും പൊലീസ് തടഞ്ഞു. ഇതോടെ, ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നും കേന്ദ്ര സേനയെ അയക്കണമെന്നും പ്രതിപക്ഷ നേതാവ് സുഖേന്ദു അധികാരി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഗവർണർക്കും കത്തയച്ചു. സംഘർഷം വ്യാപിക്കാതിരിക്കാനും സമാധാനം പാലിക്കാനും നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ആവശ്യപ്പെട്ടു.