വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സെപ്തംബർ 16ന് അമിത് ഷാ ഹിന്ദി ദിവസ് ആചരിച്ചു. ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് നീക്കം. മാതൃഭാഷയെ പുകഴ്ത്തുന്നവർ ഇത് അംഗീകരിക്കില്ലെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
പ്രായോഗികമല്ലാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഹിന്ദി സംസാരിക്കുന്നവരെ ഒന്നാംതരം പൗരന്മാരെന്നും ഹിന്ദി സംസാരിക്കാത്തവരെ രണ്ടാംതരം പൗരന്മാരെന്നും വിളിക്കുന്നതിന് തുല്യമാണ്. ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്കാരം എന്ന നയം നടപ്പിലാക്കാനാണ് ബിജെപിയുടെ ശ്രമം. രാജ്യത്തെ ഐഐടി, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി പഠന മാധ്യമമായി ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ പാർലമെന്ററി സമിതി ശുപാർശ ചെയ്തതായും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
നാനാത്വത്തിൽ ഏകത്വം കാഴ്ചവെക്കുന്ന ഇന്ത്യയിൽ തമിഴും മറ്റ് ഭാഷകളും തുല്യമായി കാണണമെന്നും എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. ഇത് രാജ്യത്തിന്റെ ഒരുമ തകർക്കും. 22 ഔദ്യോഗിക ഭാഷകളിലേക്ക് കൂടുതൽ ഭാഷകൾ ചേർക്കണമെന്ന് ജനങ്ങൾ വാശി പിടിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യം എന്താണ്. കേന്ദ്ര സർക്കാർ തസ്തികകളിലേക്കുളള മത്സര പരീക്ഷകളിൽ നിന്ന് ഇംഗ്ലീഷ് ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തത് എന്തുകൊണ്ടാണെന്നും എംകെ സ്റ്റാലിൻ ചോദിച്ചു.