കിഫ്‌ബി കേസിൽ ഇഡിക്ക്‌ തിരിച്ചടി; തുടർ നടപടികൾ ഹൈക്കോടതി രണ്ട്‌ മാസത്തേക്ക്‌ തടഞ്ഞു

0
96

കിഫ്‌ബിക്കെതിരായ കേസിൽ ഇഡിയുടെ തുടർനടപടികൾ തടഞ്ഞ്‌ ഹൈക്കോടതി. രണ്ട്‌ മാസത്തേക്കാണ്‌ ജസ്‌റ്റിസ്‌ വി ജി അരുൺ നടപടികൾ സ്‌റ്റേ ചെയ്‌തത്‌. ഇഡിക്ക്‌ അന്വേഷണം തടരാമെന്നും കോടതി പറഞ്ഞു. കേസിൽ റിസർവ്‌ ബാങ്കിനെ കോടതി കക്ഷി ചേർത്തു. കേസ്‌ അടുത്തമാസം 15 ന്‌ വീണ്ടും പരിഗണിക്കും. ഇ.ഡിയുടെ നോട്ടീസ് ചോദ്യം ചെയ്‌ത് ഡോ. തോമസ് ഐസക്കും കിഫ്‌ബിയും സമർപ്പിച്ച ഹർജികളിലാണ്‌ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

എന്ത് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് തോമസ് ഐസക്കിനെ സമൻസ് അയച്ചു വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കാൻ ഇഡിക്ക് ബാധ്യതയുണ്ടെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. തുടർന്ന്‌ തോമസ് ഐസക്ക്‌ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇഡി നൽകിയ നോട്ടീസ്‌ അവ്യക്തമാണ്‌. തന്നോട്‌ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്‌. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.