ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്

0
68

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഞായറാഴ്‌ച റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റർനാഷണൽ സ്‌റ്റേഡിയം കോംപ്ലക്‌സിൽ വച്ച് നടക്കും. മഴ ഭീഷണി നിലനിൽക്കുന്നതിനാൽ ആശങ്കയുടെ സാഹചര്യമുണ്ട്. ഇരു ടീമുകളും തങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തതിനാൽ ആദ്യ ഏകദിനം അവസാനം വരെ ത്രില്ലടിപ്പിച്ചിരുന്നു. 40 ഓവറായി ചുരുക്കിയ മത്സരത്തിൽ 249 റൺസ് നേടിയ പ്രോട്ടീസിന് വേണ്ടി ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും തിളങ്ങിയിരുന്നു.

മൽസരത്തിൽ തോറ്റെങ്കിലും സഞ്ജു സാംസൺ നടത്തിയ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് സഞ്ജു നടത്തിയ ശ്രമം ഒൻപത് റൺസ് അകലെ അവസാനിക്കുകയായിരുന്നു. ഇരുവരും അർധ സെഞ്ചുറി നേടിയിരുന്നു. അതേസമയം, മത്സരത്തിന് മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലോടെയാവും ഇന്ത്യ ഇറങ്ങുക. തോറ്റാൽ പരമ്പര നഷ്ടമാകുമെന്നതും ഇന്ത്യയുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. പരിക്കേറ്റ ദീപക് ചഹാറിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാവും. ചഹാറിന് പകരം വാഷിംങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സ്‌ക്വാഡ്:

ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രജത് പാട്ടീദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് , രവി ബിഷ്‌ണോയ്, മുകേഷ് കുമാർ, അവേഷ് ഖാൻ, മൊഹമ്മദ് സിറാജ്, വാഷിംങ്ടൺ സുന്ദർ.