ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം

0
117

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ശ്രേയസ് അയ്യരും 93 റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ വിജയ ശിൽപികൾ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്കൊപ്പമെത്തി. ആദ്യ മത്സരത്തില്‍ ഒന്‍പത് റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരം നിര്‍ണായകമായി.

279 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ശിഖർ ധവാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. വെറും 13 റണ്‍സെടുത്ത ധവാനെ ഈ മത്സരത്തിലും വെയ്ന്‍ പാര്‍നല്‍ വീഴ്ത്തി. പാര്‍നലിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ധവാന്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ആദ്യ മത്സരത്തിലും ധവാന്‍ പാര്‍നലിന്റെ പന്തില്‍ പുറത്തായിരുന്നു. ധവാന് പകരം ഇഷാന്‍ കിഷനാണ് ക്രീസിലെത്തിയത്. കിഷനും ഗില്ലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

എന്നാല്‍ സ്‌കോര്‍ 50 കടക്കുംമുന്‍പ് ഗില്ലും വീണു. 26 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത ഗില്ലിനെ റബാദ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ ഗില്ലിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രേയസും ഇഷാനും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു. ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി.

48 റണ്‍സില്‍ നിന്ന് ആരംഭിച്ച കൂട്ടുകെട്ട് ടീം സ്‌കോര്‍ 200 കടത്തി. ഇരുവരും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. കിഷനായിരുന്നു കൂടുതല്‍ ആക്രമണകാരി. ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട കിഷന്‍ സെഞ്ചുറിയിലേക്ക് കുതിക്കുന്ന സമയത്ത് പുറത്തായി. ടീം സ്‌കോര്‍ 209 ല്‍ നില്‍ക്കേ കിഷനെ ഇമാദ് ഫോര്‍ട്യൂയിന്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കൈയ്യിലെത്തിച്ചു. സെഞ്ചുറിയ്ക്ക് ഏഴുറണ്‍സകലെയാണ് കിഷന്‍ വീണത്. 84 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെ 93 റണ്‍സെടുത്താണ് താരം മടങ്ങിയത്.

കിഷന് പകരം മലയാളി താരം സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. സഞ്ജുവിനെ സാക്ഷിയാക്കി 43ാം ഓവറില്‍ ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടി. 103 പന്തുകളില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ചുറി കൂടിയാണിത്. ശ്രേയസ്സിന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് റാഞ്ചിയില്‍ പിറന്നത്. പിന്നാലെ സഞ്ജുവും ശ്രേയസ്സും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ശ്രേയസ് 111 പന്തുകളില്‍ നിന്ന് 15 ഫോറുകളുടെ അകമ്പടിയോടെ 113 റണ്‍സെടുത്തും സഞ്ജു 36 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ഇമാദ് ഫോര്‍ട്യൂയിന്‍, വെയ്ന്‍ പാര്‍നല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ റീസ ഹെന്‍ഡ്രിക്‌സും എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് പത്ത് ഓവറിൽ 38 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.