കാട്ടാളനും എമ്പോക്കിയും സ്പീഡ് കിങ്ങും അസുരനും ജാഗ്രതൈ…

0
155

ഘോരശബ്ദവും വിചിത്ര രൂപവും വെളിച്ചവിതാനവുമായി നിരത്തിലിറങ്ങി അഭ്യാസം കളിക്കുന്ന ടൂറിസ്റ്റു ബസ്സുകൾക്ക് പിടി വീഴുന്നു.

നാല് കുട്ടികളടക്കം ഒൻപതു പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്‌റ്റ്‌ ബസുകൾക്കെതിരെ കർശന നടപടിതുടങ്ങി. അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്ലോറുകൾ, – ജിപിഎസ് വേർപെടുത്തൽ, ഗ്രാഫിക്‌സ്, എയർഹോൺ എന്നിവയുള്ള ബസുകൾക്കെതിരെ ഫോക്കസ്‌ ത്രീ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പരിശോധന രണ്ടാം ദിവസത്തിലേക്ക്. വെള്ളിയാഴ്‌ച 134 ബസിനെതിരെ കേസെടുത്തു. 2.16 ലക്ഷം രൂപ പിഴ ഈടാക്കി.

ഗതാഗത വകുപ്പ് ടൂറിസ്റ്റ്‌ ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കും. സ്‌പീഡ്‌ ഗവർണർ കർക്കശമാക്കും. ജിപിഎസ്‌ ഉറപ്പാക്കും. ഇവയില്ലാത്തവയ്‌ക്ക്‌ ഫിറ്റ്‌നസ്‌ ടെസ്‌റ്റിന്‌ അനുവദിക്കില്ല. നിലവാരമില്ലാത്ത ജിപിഎസ്‌ നൽകുന്നവർക്കെതിരെ നടപടിയുണ്ടാകും. സ്‌പീഡ്‌ ഗവർണർ മാറ്റാൻ ഡീലർമാരുടെ സഹായം ലഭിക്കുന്നതായി സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ഡീലർ ഷോപ്പുകളിലും പരിശോധന നടത്തും. കെ സ്വിഫ്‌റ്റ്‌ ബസുകളുടെ വേഗപരിധി 110 കിലോമീറ്ററെന്നത്‌ പുനഃപരിശോധിക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർഥികളുമായി പോകുന്നവയിലെ അനധികൃത രൂപമാറ്റം, അമിത ശബ്ദ, വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്‌ളോറുകൾ, അമിത വേഗം എന്നിവ തടയാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവാണ്‌ ‘ഓപ്പറേഷൻ ഫോക്കസ്––3′. റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലേതുൾപ്പെടെയുള്ള ഫീൽഡ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണിത്‌ നടത്തുക. 16 വരെയാണ്‌ ഡ്രൈവ്.

സുരക്ഷിത യാത്രക്കായി മോട്ടോർ വാഹനവകുപ്പ്‌ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചു. യാത്രയ്ക്കിടെ അടിയന്തര സാഹചര്യമുണ്ടായാൽ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. 23,745 സ്‌കൂൾ ബസ്‌, 2234 നാഷണൽ പെർമിറ്റുള്ള ട്രക്ക്‌, 1863 കെഎസ്ആർടിസി ബസ്‌ എന്നിവയിലാണ്‌ ജിപിഎസ് ഘടിപ്പിച്ചത്‌. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് വഴി കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുന്നതുവഴി യാത്ര സദാസമയം നിരീക്ഷിക്കാം.
തുടർച്ചയായി അമിത വേഗത്തിലോടിയാൽ വാഹന ഉടമയുടെ മൊബൈൽ നമ്പരിൽ അറിയിക്കാനുമാകും. പ്രതിമാസം 150 വാഹനത്തിന്‌ അമിതവേഗ മുന്നറിയിപ്പുനൽകുന്നു. സുരക്ഷാ ബട്ടൺകൂടി ഘടിപ്പിക്കുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാം.
യാത്രയ്ക്കിടയിൽ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാൽ പൊലീസ് സേവനം തേടാൻ സുരക്ഷാ ബട്ടൺ അമർത്തിയാൽ മതി. വാഹനത്തിന്റെ വലുപ്പം, ഉൾക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ടുമുതൽ അഞ്ചുവരെ പാനിക് ബട്ടണുകളാണ് ഘടിപ്പിക്കുന്നത്. അപായസൂചന നൽകാൻ ഡ്രൈവർ സീറ്റിന് സമീപവും പാനിക് ബട്ടണുണ്ട്. ‘നിർഭയ’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ സുരക്ഷാമിത്ര.
വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനും സാധിക്കും. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും ഫിറ്റ്നസ് പുതുക്കുമ്പോളും ജിപിഎസ് നിർബന്ധമാക്കിയിട്ടുണ്ട്.

വടക്കഞ്ചേരി ബസപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഡ്രൈവർ എറണാകുളം പെരുമ്പടവം അന്തിയാൽ സ്വദേശി ജോജോ പത്രോസിന്റെ(ജോമോൻ –-48)അറസ്റ്റ് വെള്ളിയാഴ്ച പ്രത്യേക അന്വേഷകസംഘം രേഖപ്പെടുത്തി. തുടർന്ന്‌ റിമാൻഡ് ചെയ്തു. നരഹത്യ, ഗുരുതരവും സാരവുമായ പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി. ബസുടമ കോട്ടയം പാമ്പാടി തെക്കേമറ്റം എസ് അരുണി(30)നെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.

ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ നടത്തിയ ‘ഓപ്പറേഷൻ ഫോക്കസ്- രണ്ടിൽ’ കണ്ടെത്തിയത്‌ 3888 ക്രമക്കേട്‌. 26,61,050 രൂപ പിഴ ചുമത്തി.

വിനോദ സഞ്ചാരത്തിന് പോകുന്ന വാഹനങ്ങളുടെ വിശദാംശമുൾപ്പെടെയുള്ള വിവരം വിദ്യാഭ്യാസസ്ഥാപന മേധാവികൾ ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറെയോ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരെയോ അറിയിക്കണം. റിപ്പോർട്ട്‌ ലഭിക്കുമ്പോൾ മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്ടർമാർ പരിശോധന നടത്തും. സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള ബോധവൽക്കരണം ഡ്രൈവർക്കും ടീം ലീഡർക്കും നൽകും.

നിയമവിരുദ്ധ രൂപമാറ്റം, അമിതവേഗം തുടങ്ങിയവ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക്‌ അറിയിക്കാം.

തിരുവനന്തപുരം: 9188961001
കൊല്ലം: 9188961002
പത്തനംതിട്ട: 9188961003
ആലപ്പുഴ: 9188961004
കോട്ടയം: 9188961005
ഇടുക്കി: 9188961005
എറണാകുളം: 9188961007
തൃശൂർ: 9188961008
പാലക്കാട്‌: 9188961009
മലപ്പുറം: 9188961010
കോഴിക്കോട്‌: 9188961011
വയനാട്‌: 9188961012
കണ്ണൂർ: 9188961013
കാസർകോട്‌: 9188961014