ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ഏകദിന പരമ്പരയിൽ അവഗണിക്കപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് പൃഥ്വി ഷാ

0
101

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ഏകദിന പരമ്പരയിൽ അവഗണിക്കപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ പൃഥ്വി ഷാ. ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി അർധസെഞ്ചുറികളും സെഞ്ചുറികളും നേടിയ ഷാ മികച്ച ഫോമിലാണ് മുന്നോട്ട് നീങ്ങുന്നത്. സെപ്റ്റംബറിൽ ന്യൂസിലൻഡ് എ ടീമുമായി നടന്ന ഏകദിന പരമ്പരയിൽ പൃഥ്വി ഷായെ ടീമിലെടുത്തെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിൽ ഷായെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ശിഖർ ധവാൻ നയിക്കുന്ന ടീമിൽ നിരവധി യുവതാരങ്ങളെ ഉൾപ്പെടുത്തിയെങ്കിലും ഷായെ തിരിച്ചുവിളിച്ചില്ല. ഒക്‌ടോബർ 6ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് തയ്യാറെടുക്കാൻ മുൻനിര താരങ്ങൾ ഓസ്‌ട്രേലിയയിലേക്ക് പോയതിനാലാണ് ഏകദിന പരമ്പരയിൽ യുവതാരങ്ങൾക്ക് അവസരം തുറന്ന് കിട്ടിയത്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോം ഷായ്‌ക്ക് തുണയായില്ല.

“ഞാൻ നിരാശനായിരുന്നു” പൃഥ്വി ഷാ പറഞ്ഞു. “ഞാൻ റൺസ് നേടുന്നു, കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ അവസരം ലഭിക്കുന്നില്ല. പക്ഷേ, കുഴപ്പമില്ല. ഞാൻ തയ്യാറാണെന്ന് അവർക്ക് (ദേശീയ സെലക്‌ടർമാർ) തോന്നുമ്പോൾ, അവർ എന്നെ തീർച്ചയായും വിളിക്കും” ഷാ കൂട്ടിച്ചേർത്തു.

2018ൽ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ പൃഥ്വി ഷാ, 2020 ഡിസംബറിന് ശേഷം ഇന്ത്യക്കായി വെള്ളക്കുപ്പായത്തിൽ കളിച്ചിട്ടില്ല. 2021 ജൂലൈയിൽ ധവാന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ പര്യടനത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്ക് വേണ്ടി ഏകദിന മത്സരവും കളിച്ചത്. അതേസമയം, ഒക്ടോബർ 11ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി-20 ട്രോഫിയിൽ ഷാ മുംബൈക്ക് വേണ്ടി കളത്തിലിറങ്ങും. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള മുംബൈ ടീം മിസോറാമിനെയാണ് ആദ്യ മത്സരത്തിൽ നേരിടുക.