ഏഷ്യാ കപ്പില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ വനിതകള്‍

0
93

ഏഷ്യാ കപ്പില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ വനിതകള്‍. പാകിസ്ഥാനോട് തോല്‍വി നേരിട്ടതിന് പിന്നാലെ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ നാലാം ജയം തൊട്ടത്.

55 റണ്‍സ് എടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷഫാലിയാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 159 റണ്‍സ്. 160 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. 36 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് ബാറ്റേഴ്‌സ് മാത്രമാണ് സ്‌കോര്‍ രണ്ടക്കം കടത്തിയത്. ഫര്‍ഗാന ഹോഖ് 30 റണ്‍സും മുര്‍ഷിദ 21 റണ്‍സും എടുത്തു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ദീപ്തി ശര്‍മയും ഷഫാലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിങ്ങും സ്‌നേഹ് റാണയും ഓരോ വിക്കറ്റും.

പാകിസ്ഥാനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന് പിന്നാലെ ബാറ്റിങ് പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ബംഗ്ലാദേശിന് എതിരെ കളിച്ചത്. ഓപ്പണിങ്ങിലേക്ക് സ്മൃതി മന്ദാനയ്‌ക്കൊപ്പം ഷഫാലി തിരിച്ചെത്തി. 96 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ മന്ദാനയും ഷഫാലിയും ചേര്‍ന്ന് കണ്ടെത്തിയത്.

44 പന്തില്‍ നിന്ന് ഷഫാലി 5 ഫോറും രണ്ട് സിക്‌സും സഹിതം 55 റണ്‍സ് എടുത്തു. മന്ദാന 38 പന്തില്‍ നിന്ന് 6 ഫോറോടെ 47 റണ്‍സ് എടുത്ത് നില്‍ക്കെ റണ്‍ഔട്ടായി. ജെമിമ 24 പന്തില്‍ നിന്ന് 35 റണ്‍സോടെ പുറത്താവാതെ നിന്നു.