അമ്പും വില്ലും ആർക്ക്?; തെരഞ്ഞെടുപ്പ് ചിഹ്ന വിഷയത്തിൽ ഉദ്ധവ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും

0
86

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചിഹ്ന വിഷയത്തിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ട് വരെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമയ പരിധി നല്കിയിട്ടുള്ളത്. അമ്പും വില്ലും തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിയ്ക്കുന്ന വിഷയത്തിലാണ് പരാതി.എക്നാഥ് ഷിൻഡേ വിഭാഗം ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സ്വീകരിച്ചിരിക്കുന്നത്.

ഉദ്ധവ് ക്യാമ്പിൽ നിന്ന് മറുപടി ലഭിച്ചില്ലെങ്കിൽ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ വ്യക്തമാക്കുന്നു. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഷിൻഡെ പക്ഷം തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

മഹാവികാസ് അഘാഡി സർക്കാരിനെ വിമതനീക്കത്തിലൂടെ താഴെയിറക്കി ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പശ്ചാത്തലത്തിലാണ് ആരാണ് ഔദ്യോ​ഗിക ശിവസേനയെന്ന വിഷയം ഉയർന്നുവന്നത്. പാർട്ടിക്കും പാർട്ടി ചി​ഹ്നത്തിനുമായുള്ള ഷിൻഡെയുടെ അവകാശവാദത്തിനെതിരെ നിയമപരമായി നീങ്ങിയിട്ടും ഉദ്ധവ് താക്കറെയ്ക്ക് അനുകൂലമായ വിധിയുണ്ടായിരുന്നില്ല.