ഒക്ടോബർ ഏഴ് ലോക പുഞ്ചിരി ദിനം, എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളി ആഴ്ച ആണ് ലോക പുഞ്ചിരി ദിനമായി ആചരിക്കുന്നത്. മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബാൾ, സ്‌മൈലി ഫേയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്. 1963ലാണ് ഹർവി ആദ്യമായി സ്‌മൈലി ഫേയ്സ് ഉണ്ടാക്കിയത്. ലോകത്തെ ആദ്യ പുഞ്ചിരി ദിനം 1999നാണ് ആഘോഷിച്ചത്. ഒരു ഇൻഷുറൻസ് കമ്പനിക്ക് വെറും 45 ഡോളർ പ്രതിഫലം വാങ്ങി ഈ ചിത്രം ഹാർവി വിൽക്കുകയും ചെയ്തു. 2001 ഏപ്രിൽ 12-നു ഹാർവി ബാൾ അന്തരിച്ചു. അദ്ദേഹത്തിന്റെ ഒർമ നിലനിറുത്തുന്നതിലേക്കായി ‘ഹാർവി ബാൾ വേൾഡ് സ്‌മൈൽ ഫൗണ്ടേഷൻ’ രൂപീകരിക്കപ്പെട്ടു.’ഒരു ദയയുള്ള പ്രവർത്തി ചെയ്യുക, ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കൂ’ എന്നതാണ് പുഞ്ചിരി ദിന സന്ദേശം.
പുഞ്ചിരിയും ആരോഗ്യവും
ആളുകളോട് നമുക്ക് നമ്മുടെ ഹൃദയത്തിൽ തൊട്ടു സംസാരിക്കാനും ,പുഞ്ചിരിക്കാനും കഴിയുമെങ്കിൽ അതാണ് ഏറ്റവും വലിയ അനുഗ്രഹം എന്ന് വേണമെങ്കിൽ പറയാം. യഥാർത്ഥത്തിൽ നമ്മൾ പുഞ്ചിരിക്കാനുള്ള കഴിവുമായാണ് ജനിച്ചത്, എന്നാൽ പ്രായമാകുമ്പോൾ, നമ്മൾ പലപ്പോഴും പുഞ്ചിരിക്കുന്നത് കുറവാണ്. ഒരു ദിവസം 40-50 തവണ പുഞ്ചിരിക്കുന്ന സന്തുഷ്ടരായ മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾ പ്രതിദിനം ശരാശരി 400 തവണ പുഞ്ചിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
പുഞ്ചിരി ശരീരത്തിനാകെ വിശ്രമം നൽകുന്നു. പുഞ്ചിരി ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആളുകൾ പുഞ്ചിരിക്കുമ്പോൾ, എൻഡോർഫിനുകൾ പുറത്തുവിടുന്നത് ആളുകളെ സന്തോഷിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എത്രയധികം പുഞ്ചിരിക്കുന്നുവോ അത്രയും സന്തോഷവും കൂടുതൽ ആശ്വാസവും ലഭിക്കും. നല്ല ഹൃദ്യമായ ഒരു പുഞ്ചിരി ശാരീരിക പിരിമുറുക്കവും സമ്മർദവും ഒഴിവാക്കുന്നു. ചിരി നിങ്ങളുടെ പേശികളെ 45 മിനിറ്റ് വരെ വിശ്രമിക്കാൻ അനുവദിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.