കന്നുകാലിക്കൂട്ടത്തെ ഇടിച്ച് വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ മുൻ ഭാഗം തകർന്ന സംഭവത്തിൽ കേസെടുത്ത് റെയിൽവേ

0
59

കന്നുകാലിക്കൂട്ടത്തെ ഇടിച്ച് വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ മുൻ ഭാഗം തകർന്ന സംഭവത്തിൽ കേസെടുത്ത് റെയിൽവേ. കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗുജറാത്തിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സി(ആർപിഎഫ്)ന്റേതാണ് നടപടി. അപകടത്തിൽപ്പെട്ട സെമി ഹൈസ്പീഡ് ട്രെയിനിന്റെ മുൻഭാഗം ശരിയാക്കിയിരുന്നു.

പോത്തുകളുടെ ഉടമകളെ കണ്ടെത്താൻ ഇതുവരെ റെയിൽവേ പോലീസിന് കഴിഞ്ഞിട്ടില്ല, അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗുജറാത്തിൽ മണിനഗർ -വട്വ സ്റ്റേഷനുകൾക്കിടിയിൽ വ്യാഴാഴ്ച രാവിലെ 11.20 ഓടെയായിരുന്നു സംഭവം. ട്രെയിൻ എഞ്ചിന്റെ മുൻഭാഗം തകർന്നിരുന്നു. പുറം ഭാഗം തകർന്നെങ്കിലും ട്രെയിനിന്റെ യന്ത്രഭാഗങ്ങൾക്ക് തകരാറൊന്നും സംഭവിച്ചില്ലെന്ന് പശ്ചിമ റെയിൽവേ ചീഫ് പിആർഒ സുമിത് താക്കൂർ അറിയിച്ചിരുന്നു.

പോത്തുകളുടെ ഉടമകൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതായി ഡബ്ല്യുആറിന്റെ മുതിർന്ന വക്താവ് (അഹമ്മദാബാദ് ഡിവിഷൻ) ജിതേന്ദ്ര കുമാർ ജയന്ത് പറഞ്ഞു. 1989 ലെ റെയിൽവേ ആക്ട് സെക്ഷൻ 147 പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. നാല് പോത്തുകൾ ചത്ത സംഭവത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.