വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ഒമ്പത് പേർ മരിച്ചു

0
82

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. സ്കൂളിൽ നിന്ന് ടൂറ് പോയ ബസ് കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസിന് പിറകിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഒമ്പത് പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ് പുലർച്ചെ 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിൽ ഇടിച്ചാണ് അപകടം.

41 വിദ്യാർഥികളും അഞ്ച് അധ്യാപകരുമാണ് ടൂറിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നത്. ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസിലിടിച്ച് ചതുപ്പിലേക്ക് മറിയുകയായിരുന്നു. കെഎസ്ആർടിസി കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് വിനോദയാത്ര പോയിരുന്നത്. വാളയാര്‍ വടക്കഞ്ചേരി കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചവരിൽ നാല് പേർ മരിച്ചു. ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരിൽ 12 പേരുടെ നില ഗുരുതരമാണ്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനും മരിച്ചതായി കരുതുന്നു. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി, തൃശൂരിലെ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് മാറ്റി.