മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മലയാളി അറസ്റ്റില്‍

0
133

മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മലയാളി അറസ്റ്റില്‍. കാലടി സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഡി.ആര്‍.ഐ പിടിച്ചെടുത്തത്.

പഴങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍നിന്നാണ് 198 കിലോഗ്രാം മെത്താഫെറ്റമിനും ഒമ്പതുകിലോ കൊക്കെയ്‌നും പിടികൂടിയത്. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പഴക്കച്ചവടത്തിന്റെ മറവില്‍ നടത്തിയിരുന്ന ലഹരിക്കടത്തിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

വിദേശത്തുനിന്ന് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിന്‍ വര്‍ഗീസ് അടക്കമുള്ളവര്‍ ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ മലയാളിയായ മന്‍സൂര്‍ തച്ചന്‍പറമ്പില്‍ എന്നയാള്‍ക്കും ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.