പശ്ചാത്യ രാജ്യങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കെ, യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത നാല് പ്രദേശങ്ങള്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ക്കാനുള്ള നിയമത്തില്‍ ഒപ്പുവച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍.
ഇത് സംബന്ധിച്ച രേഖകള്‍ റഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
നേരത്തെ, ഡൊണ്‍ടെസ്‌ക്, ലുഹാന്‍സ്‌ക്, ഖേര്‍സണ്‍, സപ്പോര്‍ഷ്യ എന്നീ യുക്രൈന്‍ മേഖലകള്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ക്കുന്നത് റഷ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. ഈ മേഖലകളില്‍ നടത്തിയ ഹിതപരിശോധനയില്‍ ജനങ്ങള്‍ റഷ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് റഷ്യയുടെ അവകാശവാദം.
യുദ്ധത്തില്‍ റഷ്യയ്ക്ക് ഇതുവരെയും യുക്രൈനില്‍ പൂര്‍ണമായി ആധിപത്യം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ യുക്രൈന്‍ സേന വന്‍തോതില്‍ ചെറുത്തുനില്‍പ്പ് നടത്തുന്നുണ്ട്. റഷ്യന്‍ സേന പിടിച്ചെടുത്ത പല പ്രദേശങ്ങളും യുക്രൈന്‍ തിരിച്ചു പിടിക്കുന്ന സാഹചര്യത്തിലാണ് റഷ്യയോട് അടുപ്പം പ്രകടിപ്പിക്കുന്ന ഈ നാല് മേഖകള്‍ എത്രയും വേഗം തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ പുടിന്‍ തീരുമാനിച്ചത്.
അതേസമയം, റഷ്യ കൂട്ടിച്ചേര്‍ത്ത ഖേര്‍സണ്‍ മേഖലയില്‍ കൂടുതല്‍ ഗ്രാമങ്ങള്‍ തങ്ങള്‍ തിരിച്ചുപിടിച്ചതായും ഏഴ് ഗ്രാമങ്ങൡ യുക്രൈന്‍ പതാക ഉയര്‍ത്തിയെന്നും യുക്രൈന്‍ സേന അവകാശപ്പെട്ടു.
റഷ്യയുടെ പുതിയ നടപടിക്ക് പിന്നാലെ, തങ്ങള്‍ക്ക് എത്രയും വേഗം നാറ്റോ അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തി. യുക്രൈന്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത സാഹചര്യത്തില്‍ ഇനി പുടിനുമായി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്.
നിലലില്‍ യുക്രൈന്‍ തലസ്ഥാന നഗരമായ കീവിന്റെ തെക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന സെര്‍ക്‌വ നഗരത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഡ്രോണ്‍ ആക്രമണമാണ് റഷ്യന്‍ സൈന്യം നിലവില്‍ പ്രധാനമായും നടത്തുന്നത്. കീവ് കഴിഞ്ഞാല്‍ മേഖലയിലെ ഏറ്റവും വലിയ നഗരമായ ഇവിടെ കഴിഞ്ഞദിവസം മാത്രം 136 ഡ്രോണുകള്‍ പതിച്ചയായി യുക്രൈന്‍ അധികൃതര്‍ പറയുന്നു.