കാലിത്തീറ്റ ക്ഷാമം രൂക്ഷം

0
82

കര്‍ഷകരെ നിലവില്‍ സാരമായി ബാധിച്ചിരിക്കുന്ന കാലിത്തീറ്റ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ രൂപരേഖ തയാറാക്കിയിരുന്നു. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (എന്‍ഡിഡിബി) കാലിത്തീറ്റയ്‌ക്കായി നൂറോളം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്‌പി‌ഒ) രൂപീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. എന്നാൽ അത്തരത്തിലുള്ള ഒരു എഫ്‌പി‌ഒ പോലും ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ല.

കാലിത്തീറ്റ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി 100 എഫ്‌പിഒകൾ സ്ഥാപിക്കാനുള്ള നിർദേശം 2020 സെപ്തംബറില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം തയാറാക്കിയതാണ്. 2019 മേയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ 2019-20 ബജറ്റിൽ പ്രഖ്യാപിച്ച 10,000 എഫ്‌പിഒകൾ ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. 2020 ഫെബ്രുവരി 29-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി പദ്ധതി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഇതുവരെ 8,416 എഫ്‌പിഒകളാണ് 13 ഏജന്‍സികള്‍ക്കായി നല്‍കിയിട്ടുള്ളത്. ഇതില്‍ 2,287 എഫ്‌പിഒകൾ റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എൻ‌ഡി‌ഡി‌ബിക്ക് അനുവദിച്ച 26 എഫ്‌പി‌ഒകളിൽ ഒന്ന് മാത്രമാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 16 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്.

എഫ്‌പി‌ഒ സ്കീമിന്റെ ആകെ ബഡ്ജറ്റ് ഏകദേശം 6,865 കോടി രൂപയാണ്. 2019-2020 സാമ്പത്തിക വര്‍ഷം മുതല്‍ 2023-2014 സാമ്പത്തിക വര്‍ഷം വരെ 4,496 കോടി രൂപയാണ് ചിലവ്. കൂടാതെ 2,369 കോടി രൂപ പ്രതിജ്ഞാബദ്ധമായ ബാധ്യതയും ഉണ്ട്, 2024-25 മുതൽ നാല് വർഷത്തേക്ക്.

2020 സെപ്തംബര്‍ 28-ന് അഗ്രികൾച്ചർ സെക്രട്ടറി അധ്യക്ഷനായ നാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് അഡ്വൈസറി ആൻഡ് ഫണ്ട് സാങ്ഷനിംഗ് കമ്മിറ്റിയുടെ നാലാമത്തെ യോഗത്തിൽ ചർച്ച ചെയ്ത അജണ്ട ഇനങ്ങളിലൊന്നാണ് ‘ക്ഷീര മേഖലയിലെ എഫ്പിഒകൾ’ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക സഹായം നൽകിക്കൊണ്ട്, ക്ഷീരകർഷകരുമായി ബന്ധിപ്പിച്ചിട്ടുള്ള 100 എഫ്പിഒകൾക്കായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് (ഡിഎഎച്ച്ഡി) ഒരു നിർദേശം തയ്യാറാക്കി സമർപ്പിക്കാൻ തീരുമാനിച്ചു. എന്നാല്‍ പിന്നീട് പദ്ധതി വൈകുകയായിരുന്നു.