കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് ഇഡി സമന്‍സ്

0
52

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. ഒക്ടോബര്‍ ഏഴിന് നേരിട്ട് ഹാജരാകണമെന്ന് കാട്ടിയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്.

സെപ്തംബര്‍ 19ന് ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ വെച്ച് ഡികെ ശിവകുമാറിനെ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസിലും രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ട്രസ്റ്റായ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന് തന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനകളിലും തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്റ്റംബര്‍ 3 ന് ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും അതേ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം കണക്കിലെടുത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ വര്‍ഷം മേയില്‍ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഡികെ ശിവകുമാറിനെതിരെ കേസ്

അഴിമതി ആരോപണത്തില്‍ ശിവകുമാറിനെതിരെ ഫയല്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ആദ്യ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി ശിവകുമാറിനെതിരെ കുറ്റം ചുമത്തിയത്. ഡികെ ശിവകുമാറിന്റെ അടുത്ത അനുയായിക്കും ഡല്‍ഹിയിലെ കര്‍ണാടക ഭവനിലെ ഉദ്യോഗസ്ഥനുമെതിരെ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2018 സെപ്റ്റംബറില്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചു.

2017 ജൂലൈയില്‍ ഡികെ ശിവകുമാറും മകളും സാമ്പത്തിക നിക്ഷേപത്തിനായി സിംഗപ്പൂരിലേക്ക് പോയെന്നാണ് ആരോപണം. കോണ്‍ഗ്രസ് ട്രബിള്‍ഷൂട്ടറുമായി ബന്ധപ്പെട്ട 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയതായി ഐടി വകുപ്പ് അറിയിച്ചു.

2017ല്‍ ഡികെ ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറുമായി നേരിട്ട് ബന്ധമുള്ള ഡല്‍ഹിയിലെ നാല് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 8.5 കോടി രൂപ കണ്ടെടുത്തതായി അന്വേഷണ ഏജന്‍സി അറിയിച്ചു. ശിവകുമാറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് എന്‍ക്ലേവില്‍ നിന്ന് വാങ്ങിയ മൂന്ന് ഫ്ളാറ്റുകളും ഐടി വകുപ്പ് കണ്ടെത്തി. 2019 സെപ്റ്റംബറില്‍ ഡികെ ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ 29 ന് ശിവകുമാറിന്റെ വീട്ടില്‍ സിബിഐയും റെയ്ഡ് നടത്തിയിരുന്നു. ബെംഗളൂരു കനകപുരയിലെ വീട്ടിലായിരുന്നു സിബിഐ സംഘം എത്തിയത്. സ്വത്തു വിവരങ്ങള്‍ ശേഖരിച്ചു. തഹസില്‍ദാരെ വരുത്തി രേഖകള്‍ ഒത്തു നോക്കി ഉറപ്പു കരുതിയാണ് സംഘം മടങ്ങിയത്. ശിവകുമാര്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. കനകപുരയ്ക്കു പുറകെ ഡോടലഹള്ളി, സന്ദേകൊടിഹള്ളി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേയായിരുന്നു റെയ്ഡ്.

അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് 2017ല്‍ ശിവകുമാന്റെ ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ 14 വസ്തുവകകളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. അനധികൃതമായ 75 കോടി രൂപ ശിവകുമാര്‍ സമ്പാദിച്ചെന്നാണ് അന്ന് സിബിഐ അറിയിച്ചത്. സിബിഐയ്ക്കു പുറമേ ആദായനികുതി വകുപ്പും ശിവകുമാറിന്റെ വസതികളില്‍ പരിശോധന നടത്തുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ഡല്‍ഹി സഫ്ദര്‍ജങ്ങിലെ ശിവകുമാറിന്റെ ഫ്‌ലാറ്റില്‍ 2017ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.69 കോടി രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു. 2019ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്‍പതു ദിവസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. ബെനാമി ഇടപാടുകള്‍ ഉള്‍പ്പെടെ 840 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കളും 317 ബാങ്ക് അക്കൗണ്ടുകളും ശിവകുമാറുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നാണ് ഇഡിയുടെ വാദം. ഈ ആരോപണങ്ങളെല്ലാം സിബിഐ അന്വേഷണത്തിന് വിട്ടിരുന്നു.