സംസ്ഥാനത്ത് നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത് 421 കേസുകൾ

0
83

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 421 കേസുകൾ രജിസ്റ്റഡ ചെയ്തു. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ”നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും, മുഴുവൻ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ കേസിലുൾപ്പെട്ട 2193 നർക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുന്നു. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്തി വരുന്നു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. അതിർത്തി ചെക്‌പോസ്റ്റുകളിലും, ചെക്‌പോസ്റ്റ് ഇല്ലാത്ത ഇടറോഡുകളിലും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 16 മുതൽ 29 വരെയുള്ള 14 ദിവസങ്ങളിലായി 421 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്ത് 428 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് 80.16 കിലോ ഗ്രാം കഞ്ചാവ്, 166 കഞ്ചാവ് ചെടികൾ, 779 ഗ്രാം എം.ഡി.എം.എ, 1294 ഗ്രാം മെത്താംഫിറ്റമിൻ, 8.4 ഗ്രാം LSD സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കേസ്സുകളിലെ 5 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 177 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കിയിട്ടുണ്ട്.