എകെജി സെൻ്റർ ആക്രമണ കേസിൽ പ്രതി ഉപയോഗിച്ചിരുന്ന വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

0
96

എകെജി സെൻ്റർ ആക്രമണ കേസിൽ പ്രതി ഉപയോഗിച്ചിരുന്ന വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ കഠിനംകുളത്ത് നിന്നാണ് ജിതിൻ ഉപയോ​ഗിച്ച ഡിയോ സ്കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കേസിൽ പോലീസ് തിരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവർ കഴക്കൂട്ടം സ്വദേശിയായ സുധീഷിന്റേതാണ് സ്കൂട്ടർ എന്നാണ് വിവരം. സുധീഷ് ഇപ്പോൾ വിദേശത്താണ്.

പ്രതി ജിതിന്റെ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. മുമ്പും കേസുകളിൽ പ്രതിയായിട്ടുള്ള ആണാണ് ജിതിൻ. ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിട്ടും പോലീസിന് തെളിവുകളൊന്നും ശേഖരിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. വിശദമായ വാദത്തിന് ശേഷമാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. സെപ്റ്റംബർ 22നാണ് എകെജി സെന്റർ ആക്രമിച്ച കേസിൽ ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ജൂൺ മുപ്പതിനാണ് എകെജി സെന്ററിന് നേരെ ആക്രമണം നടക്കുന്നത്. അന്നേ ദിവസം പ്രതി ധരിച്ചിരുന്ന ടീ ഷർട്ട്, ഷൂസ് എന്നിവയിൽ നിന്നുമാണ് ജിതിനിലേക്ക് എത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്ന് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു പ്രധാന തെളിവായ ടീഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്ത ശേഷം ടീ ഷ‍ർട്ട് വാങ്ങിയ കടയിലും കൊണ്ടുപോയിരുന്നു.