മലയോര-ആദിവാസി പട്ടയങ്ങൾക്കായി പ്രത്യേക മിഷൻ: മന്ത്രി കെ രാജൻ

0
72

ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനായി പ്രത്യേക മിഷൻ നടപ്പിലാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. നിലവിലെ ലാന്റ് ട്രൈബ്യൂണലിന് പുറമെയാണ് ഇവ പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ ആനാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ ജീവിതത്തിൽ നിർണായക സ്വാധീനമുള്ള അടിസ്ഥാന ഘടകമാണ് വില്ലേജ് ഓഫീസുകൾ. അവയുടെ ആധുനികീകരണത്തിലൂടെ ജനങ്ങൾക്ക് സുതാര്യമായ സേവനം ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് റവന്യൂ വകുപ്പിലെ ഡിജിറ്റൽ റീസർവ്വെ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആനാട് ഗ്രാമപഞ്ചായത്തിൽ ടേക്ക് എ ബ്രേക്ക് ആരംഭിക്കുന്നതിനായി ജില്ലാ ഭരണകൂടം വിട്ടു നൽകിയ അഞ്ച് സെന്റ് ഭൂമി മന്ത്രി പഞ്ചായത്തിന് കൈമാറി. ഉദ്ഘാടനത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് അങ്കണത്തിൽ ഔഷധ സസ്യങ്ങൾ നട്ടു.

സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി 45 ലക്ഷം രൂപ ചെലവഴിച്ചാണ് ആനാട് വില്ലേജ് ഓഫീസ് നവീകരിച്ചത്. വില്ലേജ് ഓഫീസിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾക്കുള്ള തുക പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചതായി ചടങ്ങിൽ അധ്യക്ഷനായ ഡി. കെ മുരളി എം.എൽ.എ പറഞ്ഞു. ജില്ലയിൽ 24 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളായി മാറി. റീ ബിൽഡ് കേരള പദ്ധതിയിൽ ഇരുപത്തിരണ്ടും ജില്ലാ ഭരണകൂടത്തിന്റെ പ്ലാൻ ഫണ്ടിൽ ഏഴും വില്ലേജ് ഓഫീസുകളുടെ നവീകരണം പുരോഗമിക്കുകയാണ്‌.

ആനാട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, എ.ഡി.എം അനിൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു.