Monday
12 January 2026
25.8 C
Kerala
HomeHealthഎല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി

എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി

സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, ക്ലിനിക്ക്, വാക്‌സിനേഷന്‍ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ആന്റി റാബിസ് വാക്‌സിനും ഇമ്മുണോഗ്ലോബിലിനും ഈ ക്ലിനിക്കിലുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് അവബോധവും കൗണ്‍സിലിംഗും നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 28ന് ലോക റാബിസ് ദിനം ആചരിക്കുന്നു. ഈ വര്‍ഷത്തെ ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ആര്‍ട്‌സ് കോളേജില്‍ വച്ച് സെപ്റ്റംബര്‍ 28ന് രാവിലെ 10.15 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന കാമ്പയിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും അവബോധം ശക്തിപ്പെടുത്തുന്നതാണ്. വിദ്യാര്‍ത്ഥികളിലൂടെ അവബോധം കുടുംബങ്ങളില്‍ വേഗത്തിലെത്തിക്കാന്‍ സാധിക്കുന്നതാണ്. ഇതിന്റെ ഭാഗമായാണ് ഇത്തവണത്തെ റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം കോളേജ് കാമ്പസിലാക്കിയത്.

‘ഏകാരോഗ്യം, പേവിഷബാധ മരണങ്ങള്‍ ഒഴിവാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക റാബീസ് ദിന സന്ദേശം. സംസ്ഥാനത്ത് നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോക റാബീസ് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനും മരണങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്. സര്‍ക്കാരിന്റെ വണ്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പേവിഷബാധ നിയന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്‌സിന്‍ സൗകര്യമുള്ള 573 സര്‍ക്കാര്‍ കേന്ദ്രങ്ങളാണുള്ളത്. ഇമ്മിണോഗ്ലോബുലിന്‍ നല്‍കുന്ന 43 സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്.

RELATED ARTICLES

Most Popular

Recent Comments