കെഎസ്ആർടിസിയുടെ എൻഡ് ടു എൻഡ് സർവ്വീസായ ജനശതാബ്ദി സർവ്വീസ് തുടങ്ങി

0
61

കെഎസ്ആർടിസിയുടെ എൻഡ് ടു എൻഡ് സർവ്വീസായ ജനശതാബ്ദി സർവ്വീസ് തുടങ്ങി. എറണാകുളം-തിരുവനന്തപുരം ലോ ഫ്‌ളോർ ബസാണ് ഓടിത്തുടങ്ങിയത്. ജനശദാബ്ദി ട്രെയിൻ മാതൃകയിലാണ് സർവ്വീസ്. ഒരു ഭാഗത്തേയക്ക് 408 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ടിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്.

ഓൺലൈൻ വഴിയാണ് സീറ്റ് ബുക്കിങ്. ഓഫ് ലൈനായും ടിക്കറ്റുകൾ ലഭ്യമാകും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപുവരെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റെടുക്കാം. പൊതു അവധി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.

കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിർത്തുക. ഇവിടെ ഇറങ്ങുന്നവർക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ കെഎസ്ആർടിസിയുടെ ഫീഡർ ബസുകൾ ലഭിക്കും. കണ്ടക്ടറില്ലാത്ത ബസിൽ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്.

ഫീഡർ സ്റ്റോപ്പുകളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കഴിയുമെങ്കിലും മുഴുവൻ ചാർജുതന്നെ നൽകേണ്ടിവരും. പുഷ്ബാക്ക് സീറ്റുള്ള രണ്ട് ബസുകളാണ് സർവീസിനായി അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് രാവിലെ 5.10-ന് പുറപ്പെടും. രാവിലെ 9.40 ന് എറണാകുളത്തെത്തും. തിരികെ എറണാകുളത്തു നിന്നും വൈകീട്ട് 5.20 ന് പുറപ്പെടും. രാത്രി 9.50 ന് തിരുവനന്തപുരത്തെത്തും.