ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരം ഇന്ന്

0
104

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ ഇന്നത്തെ മത്സരം വിജയിച്ചേ മതിയാകൂ. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക.

ആദ്യ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചിട്ടും ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൊഹാലിയിൽ മഴ ഭീഷണി ഉണ്ടായിരുന്നെങ്കിലും മത്സരം പൂർണമായി ആസ്വദിക്കാൻ കാണികൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിന് വേദിയാകുന്ന നാഗ്പൂരിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ത്യയുടെ പരിശീലന സെഷൻ മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ആദ്യ മത്സരത്തിൽ ഹാർദ്ദിക് പാണ്ഡ്യ 30 പന്തിൽ പുറത്താകാതെ നേടിയ 71 റൺസിന്റെ ബലത്തിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടിയിരുന്നു. എന്നാൽ ബൗളർമാർ നിരാശപ്പെടുത്തിയതും ഫീൽഡിംഗിലെ പിഴവുകളുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 30 പന്തിൽ 61 റൺസ് നേടിയ കാമറൂൺ ഗ്രീനും അവസാന നിമിഷം ആഞ്ഞടിച്ച മാത്യു വെയ്ഡുമാണ് ഓസ്‌ട്രേലിയയുടെ വിജയശിൽപ്പികൾ.