മിന്നൽ ഹർത്താൽ കോടതിയലക്ഷ്യം; നിയമവിരുദ്ധ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

0
88

പോപ്പുലർ ഫ്രണ്ട് ആ​ഹ്വാനം ചെയ്‌ത ഹർത്താൽ നിയമവിരുദ്ധമായതിനാൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കും. അക്രമം തടയാൻ അടിയന്തര നടപടി വേണമെന്നും പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിർദ്ദേശിച്ചു.7 ദിവസം മുന്നേ നോട്ടീസ് കൊടുത്തുമാത്രമേ ഹർത്താൽ നടത്താൻ പറ്റൂ.

മാധ്യമങ്ങളുടെ ഹർത്താൽ വാർത്തകളിൽ മിന്നൽ ഹർത്താലുകൾക്ക് കോടതി നിരോധനമുണ്ടന്ന് വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസെടുത്തത്.കേസ് 29ന് പരി​ഗണിക്കും.

മിന്നൽ ഹർത്താൽ കോടതിയലക്ഷ്യമാണെന്നും പൊതു ഗതാഗതത്തിന് സുരക്ഷയൊരുക്കണമെന്നും കോടതി പറഞ്ഞു. രാജ്യവ്യാപകമായി എൻഐഎയും ഇ ഡിയും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.