തൃശ്ശൂരിൽ ആന പാപ്പാന്മാരാകാന്‍ വേണ്ടി നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ പൊലീസ് കണ്ടെത്തി

0
95

തൃശൂര്‍ കുന്നംകുളത്ത് ആന പാപ്പാന്മാരാകാന്‍ വേണ്ടി നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ പൊലീസ് കണ്ടെത്തി. പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കത്തെഴുതി വെച്ച ശേഷം നാടുവിട്ടത്. പുലര്‍ച്ചെ അഞ്ചുമണിയോടെ പൊലീസെത്തുമ്പോള്‍ കുട്ടികള്‍ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ ഉറങ്ങുകയായിരുന്നു. കടുത്ത ആനപ്രേമികളാണ് മൂന്ന് പേരും.

ഇന്നലെ വൈകിട്ട് ട്യൂഷന് പോകുന്നെന്ന് പറഞ്ഞാണ് മൂവര്‍ സംഘം വീടുകളില്‍ നിന്ന് ഇറങ്ങിയത്. പിന്നാലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കണ്ട ശേഷം രാത്രിയോടെ ബസില്‍ കയറി. കോട്ടയത്തേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന കുട്ടികളുടെ കയ്യിലെ പണം പേരാമംഗലത്ത് എത്തിയപ്പോള്‍ തീര്‍ന്നിരുന്നു. ഇതിനിടെയാണ് കുന്നംകുളം പൊലീസ് ഇവരെ കണ്ടെത്തിയത്.

ഇവര്‍ എഴുതി വെച്ച കത്ത് വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. മാസത്തില്‍ ഒരിക്കല്‍ വീട്ടിലേക്ക് വന്നുകൊള്ളാമെന്നും തങ്ങളെ തിരഞ്ഞു വരേണ്ടെന്നും കത്തിലുണ്ട്. കോട്ടയത്തേക്ക് പോവുകയാണെന്നും ഇവര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കത്ത് പൊലീസിന് കൈമാറി.