കേരളത്തിന്റെ വികസനം മുടക്കാൻ കോൺഗ്രസും ബിജെപിയും ലീഗും ഇപ്പോൾ ഗവർണറും അടങ്ങുന്ന കൂട്ടുകെട്ട്: എം വി ഗോവിന്ദൻ

0
54

കേരളത്തിന്റെ വികസനം മുടക്കാൻ കോൺഗ്രസും ബിജെപിയും ലീഗും ഇപ്പോൾ ഗവർണറും അടങ്ങുന്ന കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിലക്കയറ്റത്തിനും വർഗീയതയ്ക്കുമെതിരെ അഴീക്കോടൻ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മാർക്സിസം എന്ന് പറഞ്ഞാൽ എന്താണെന്ന് ഗവർണർക്ക് മനസിലായിട്ടില്ല. ആർഎസ്എസ് ശാഖയിലെ കുട്ടികളെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ആർഎസ്എസ് ആണെന്ന് പറഞ്ഞതോടെ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടമായി. മോഡി സർക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയശേഷി കോൺഗ്രസ് നേതൃത്വത്തിനില്ല. പ്രധാന പ്രതിപക്ഷ പാർടിപോലും ആകാൻ പറ്റാത്തവിധം തറപറ്റി.

ഭാരത് ജോഡോയാത്രയിൽ പ്രചാരണ ബാനറിൽ സവർക്കറുടെ ചിത്രം വന്നത് യാദൃശ്ചികമല്ല. ആർഎസ്എസ് ചായ്വിന്റെ വ്യക്തമായ തെളിവാണത്. ജോഡോയാത്രയിൽ രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനെയോ ഇടതുപക്ഷത്തെയോ ഗൗരവത്തോടെ വിമർശിച്ചില്ല. മറ്റുള്ളവരാണ് വിമർശിച്ചത്. അതിന് അപ്പപ്പോൾ മറുപടി നൽകി. പ്രതിപക്ഷം നെഗറ്റീവ് എനർജിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബിഹാർ മോഡലിൽ പുതിയ കൂട്ടുകെട്ടിലൂടെ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനാകും – അദ്ദേഹം പറഞ്ഞു.