ആഗോളവിപണിയില്‍ വീണ്ടും ചരിത്ര തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ

0
77
Downward growth arrow 3d rupee symbol sign. Economic recession concept Indian currency sign.

ആഗോളവിപണിയില്‍ വീണ്ടും ചരിത്ര തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. യുഎസ് ഡോളറിനെതിരെ 80 കടന്ന് വീണ്ടും റെക്കോർഡ് ഇടിവ് രേഖപ്പെടുത്തുകയാണ് രൂപ.

വ്യാഴാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.44 എന്ന നിലയിലെത്തി. ഇത് രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ്. ബുധനാഴ്ച ഡോളറിന് 79.9750 എന്ന നിലയിലായിരുന്നു രൂപ. എന്നാല്‍, വ്യാഴാഴ്ച വിനിമയം ആരംഭിച്ചതേ രൂപ കനത്ത ഇടിവ് നേരിടുകയായിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയുടെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍. യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായ മൂന്നാം തവണയും 75 ബേസിസ് പോയിന്‍റ് വർദ്ധന നൽകുകയും 2023-ൽ ഇത് 4.63 ശതമാനത്തിലെത്തുമെന്ന് വിലയിരുത്തുകയും ചെയ്തതിന് ശേഷമാണ് ആഗോള വിപണിയില്‍ മറ്റ് കറന്‍സികള്‍ക്ക് ഇടിവ് നേരിട്ടത്.

ഏഷ്യന്‍ കറന്‍സികള്‍ എല്ലാം തന്നെ ഇടിവ് നേരിടുകയാണ്. ചൈനീസ് കറന്‍സിയായ യുവാന്‍ ഡോളര്‍ ഒന്നിന് 7.10 യ്ക്കും താഴെയെത്തയിരിയ്ക്കുകയാണ്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് കൈക്കൊള്ളുന്ന കര്‍ശന നടപടികള്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യം കുറയ്ക്കുകയാണ്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് യു.എസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവല്‍ കഴിഞ്ഞ മാസം നല്‍കിയിരുന്നു. യുഎസ് സെൻട്രൽ ബാങ്ക് പലിശനിരക്ക് വർധിപ്പിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അത് ഉയർത്തി നിലനിർത്താനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. യു എസ് നടപടികള്‍ ഇന്ത്യന്‍ രൂപ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളെ ഇപ്പോള്‍ സാരമായി ബാധിച്ചിരിയ്ക്കുകയാണ്.

കഴിഞ്ഞ കുറേ മാസങ്ങളായി ഡോളറുമായി തുലനം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കുറഞ്ഞു തന്നെയാണ്‌ നില കൊള്ളുന്നത്‌. വിപണി അവലോകനം അനുസരിച്ച് ഹ്രസ്വകാലത്തേയ്ക്കെങ്കിലും രൂപയുടെ മൂല്യം ഇതേ നിലയില്‍ തുടരാനാണ് സാധ്യത. റഷ്യ ഉക്രെയ്ൻ യുദ്ധം പരിഹരിക്കപ്പെടുന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും രൂപ വീണ്ടും പൂര്‍വ്വ സ്ഥിതിയിലകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന വിലയിരുത്തല്‍.