ഋഷഭ് പന്തിനെ ട്വന്റി20 ലോകകപ്പ് ടീമിൽ‌നിന്നു പുറത്തിരുത്തുന്നതാണു നല്ലതെന്ന് വസീം ജാഫർ

0
62

വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ട്വന്റി20 ലോകകപ്പ് ടീമിൽ‌നിന്നു പുറത്തിരുത്തുന്നതാണു നല്ലതെന്ന് മുന്‍ ഇന്ത്യൻ താരം വസീം ജാഫർ. ഋഷഭ് പന്ത് ട്വന്റി20യിൽ കളിക്കണോ, വേണ്ടയോ എന്ന കാര്യത്തിൽ ഇന്ത്യ തീരുമാനമെടുക്കണമെന്നും വസീം ജാഫർ പ്രതികരിച്ചു. ബാറ്റിങ്ങിൽ നാലാമതോ, അഞ്ചാമതോ ഇറങ്ങാൻ പന്ത് പ്രാപ്തനല്ലെന്നാണു വസീം ജാഫറിന്റെ നിലപാട്.

‘പന്തിനെ കളിപ്പിക്കുന്നതിൽ ഏറെക്കാലമായി ഇന്ത്യ ചിന്തിക്കുന്നു. പന്തിൽ ഉറച്ചു നിൽക്കണോ, കഴിഞ്ഞ സീസണിലെ ഐപിഎല്ലിൽ തിളങ്ങിയ ദിനേഷ് കാർത്തിക്കിനെ കളിപ്പിക്കണമോയെന്നു തീരുമാനിക്കണം’– വസീം ജാഫർ ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 മത്സരവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പറഞ്ഞു. ‘എന്റെ അഭിപ്രായം പറയുകയാണെങ്കിൽ നാലമനായോ, അഞ്ചാമനായോ ബാറ്റിങ്ങിന് ഇറങ്ങാന്‍ ഋഷഭ് പന്ത് ഫിറ്റല്ല. ഓപ്പണറുടെ റോളാണ് പന്തിനു യോജിക്കുന്നത്. അതു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല.’

‘ഋഷഭ് പന്തിനെ ലോകകപ്പിൽ കളിപ്പിക്കാതെ ഇരിക്കുന്നതാണു നല്ല കാര്യം. അടുത്തു നടന്ന മത്സരങ്ങളിൽ അക്സർ പട്ടേൽ‌ നന്നായി കളിച്ചു. ടീം ഇന്ത്യ എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വസിക്കുന്നില്ലെന്ന് എനിക്കു മനസ്സിലാകുന്നില്ല. ബാറ്റിങ് പ്രകടനം കൊണ്ട് അക്സർ കളികൾ ജയിപ്പിച്ചിട്ടുണ്ട്’– വസീം ജാഫർ വ്യക്തമാക്കി.