ജോഡോ യാത്ര: റോഡരികില്‍ ബാനറുകള്‍ സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

0
63

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം റോഡരികില്‍ ബാനറുകള്‍ സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഭാരത് ജോഡോ യാത്രയല്ല പകരം നിയമ് ഝോഡോ യാത്രയാണ് നടക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് ബാനറുകളും പരസ്യങ്ങളും പൊതുനിരത്തില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ബാനറുകള്‍ കാരണം വാഹന യാത്രക്കാര്‍ക്ക് പ്രശ്‌നമുണ്ടായാല്‍ ആര് പരിഹരിക്കുമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

തിരുവനന്തപുരത്ത് ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം സ്ഥാപിച്ച കമാനം ദേഹത്ത് വീണ് സ്ത്രീയ്ക്ക് പരുക്കേറ്റ വിഷയം ഗൗരവതരമാണെന്നും കോടതി പറഞ്ഞു. അധികൃതര്‍ നിയമലംഘനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ്. ഭാരത് ജോഡോ യാത്ര നിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.