സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ കെ ജി സെന്റർ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൈംബ്രാഞ്ച് കസ്‌റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.
കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയാണ് ജിതിന്‍. ഇയാളാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. എകെജി സെൻ്റര്‍ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് കേസില്‍ പഴുതടച്ച അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ പിടികൂടിയത്.
ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ അക്രമി എകെജി സെന്ററില്‍ സ്‌ഫോടകവസ്തുവെറിഞ്ഞത്. സിപി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെന്ററിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് സിപി ഐ എം അന്നേ ആരോപിച്ചിരുന്നു.