ഇന്ന് ലോകസമാധാന ദിനം

0
132

എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും ഇടയിൽ സമാധാനത്തിന്റെ ആശയങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 21ന് നാം ലോക സമാധാന ദിനമായി ആചരിക്കുന്നു. ആഗോളമായി വെടിനിർത്തലിന്റെയും അക്രമ രാഹിത്യത്തിന്റെയും ദിനമാണിത്. സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നു.

‘വംശീയത അവസാനിപ്പിക്കുക, സമാധാനം കെട്ടിപ്പടുക്കുക’, എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം. ഓരോ വ്യക്തിയും സുരക്ഷിതരാണെന്ന് തോന്നുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനും വംശം പരിഗണിക്കാതെ വളരാനും യുഎൻ ലക്ഷ്യമിടുന്നു. ആഗോള സമാധാനം ഉറപ്പാക്കാനായി വംശീയതയെ നേരിടാൻ ഈ ദിനത്തിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും വിവിധ രാജ്യങ്ങളിലെ യുദ്ധങ്ങളും ജനങ്ങൾക്ക് വീട് നഷ്ടപ്പെടുന്നതിലേക്ക് പോലും നയിച്ച സാഹചര്യത്തിൽ ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്.

യുഎൻ പൊതുസഭ 1981ലാണ് അന്താരാഷ്ട്ര സമാധാന ദിനം പ്രഖ്യാപിച്ചത്. 36/37 വോട്ടിന് പൊതുസഭ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണമെന്നത്. പിന്നീട് 2001 ൽ 55/282 വോട്ടിന് സെപ്തംബർ 21-ാം തീയതി സമാധാന ദിനം ആചരിക്കുവാൻ തീരുമാനിച്ചു.ലോക രാജ്യങ്ങൾ തമ്മിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചെറുതും വലുതുമായ യുദ്ധങ്ങൾ രുപപ്പെടുകയും, യുദ്ധങ്ങൾക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ ആണവായുധങ്ങൾ നിർമ്മിക്കുവാൻ മത്സരക്കുന്നതിന്റെയും തൽഫലമായി കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ യാതൊരുവിധ കാരണവും കൂടാതെ മരണത്തിന് ഇരയാവുകയും സ്വസ്തമായി ജീവിക്കുവാൻ പറ്റാത്ത സ്ഥിതിയുണ്ടായതിനാലാണ് ലോകസമാധാനം ജനങ്ങളുടെ ഇടയിൽ എത്തിക്കുവാൻ ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു ദിനം ആചരിക്കാൻ തീരുമാനിച്ചത്.

എല്ലാ വർഷവും സെപ്റ്റംബർ 21ന് യുഎൻ ആസ്ഥാനത്ത് സമാധാനത്തിന്റെ മണി മുഴങ്ങാറുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കുട്ടികൾ സംഭാവന ചെയ്ത നാണയങ്ങൾ ഉപയോഗിച്ചാണ് ഈ മണി നിർമ്മിച്ചിരിക്കുന്നത്. ആഫ്രിക്ക ഒഴിച്ചുള്ള മറ്റ് ഭൂഖണ്ഡങ്ങളിലെ കുട്ടികളാണ് ഈ നാണയങ്ങൾ സംഭാവന ചെയ്തത്. ‘Long live absolute world piece’ എന്ന് ഈ മണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.

യുദ്ധ രഹിത ലോകത്തിന് വേണ്ടി നമ്മൾ ഓരോരുത്തരും പ്രവർത്തനമാവുകയും ലോക സമാധാനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുകയും വേണം. നാളത്തെ തലമുറ യുദ്ധങ്ങൾ ഒഴിവാക്കി നന്മ നിത്ത മനസുമായി ലോകത്തിൽ ജീവിക്കുവാനുള്ള സാഹചര്യംസൃഷ്ടിക്കുക എന്നതാണ് നമ്മൾ ഓരോരുത്തരുടേയും കടമ. അതിനായി ഇന്നുമുതൽ നമ്മുക്ക് ഒരുമിച്ച് ശ്രമിക്കാം.

ആഗോളമായി വെടിനിർത്തലിന്റെയും അക്രമരാഹിത്യത്തിന്റെയും ദിനമാണിത്. സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്. സമാധാനമാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ മുദ്രാവാക്യമെന്നും സമാധാനമാണ് നമ്മുടെ ദൗത്യമെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. ലോകരാജ്യങ്ങളിലെമ്പാടും സമാധാനം പുലരാനും യുദ്ധങ്ങളും അക്രമങ്ങളും ഒഴിവാക്കാനും ഈ ദിനത്തിൽ യുഎൻ ആഹ്വാനം ചെയ്യുന്നു.