ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്ന് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം

0
82

ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്ന് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. പഞ്ചാബിലെ മൊഹാലിയിൽ വെച്ച് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കവെയാണ് ഓസീസ് ടീം മറികടന്നത്. ഡത്ത് ഓവറുകളിൽ അനാവശ്യമായി റൺസ് വിട്ട് കൊടുത്തതാണ് ഇന്ത്യക്ക് വിനയായി മാറിയത്. അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ പ്രകടനമായിരുന്നു കംഗാരുക്കൾക്ക് പരമ്പരിയലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കാൻ സഹായിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 208 റൺസെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയുടെ വെടികെട്ട് ബാറ്റിങ് മികവിലായിരുന്നു ഇന്ത്യൻ സ്കോർ 200 കടക്കാൻ സാധിച്ചത്. 30 പന്ത് നേരിട്ട താരം ഏഴ് ഫോറും അഞ്ച് സിക്സറുകളുടെയും അമ്പടിയോടെ 71 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിങ് ബാറ്ററും വൈസ് ക്യാപ്റ്റനുമായ കെ.എൽ രാഹുൽ 35 പന്തിൽ 55 റൺസെടുത്ത് മറ്റൊരു നിർണായക ഇന്നിങ്സ് പങ്കുവക്കുകയും ചെയ്തു. ഒപ്പം 46 റൺസെടുത്ത സൂര്യകുമാർ യാദവ് ഇന്ത്യക്കായി മികച്ച രീതിയിൽ ബാറ്റ് വീശി. ജോഷ് ഹേസ്സൽവുഡ്ഡും നാഥാൻ എലിസും, കാമറൂൺ ഗ്രീനുമാണ് ഓസീസിനായി വിക്കറ്റുകൾ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലയ അരങ്ങേറ്റക്കാരനായ കാമറോൺ ഗ്രീന്റെ പ്രകടനത്തിൽ തുടക്കം ഗംഭീരമാക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ആഞ്ഞ് വീശിയ ഓസ്ട്രേലിയ പത്ത് ഓവറിനുള്ളിൽ 100 റൺസ് കടക്കുകയും ചെയ്തു. ഗ്രീൻ തന്റെ അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ചുറി നേടുകയും ചെയ്തു. മധ്യനിരയിൽ വിക്കറ്റുകൾ നഷ്ടമായതോടെ ഓസീസ് അൽപം സമ്മർദ്ദത്തിലാകുകയും ചെയ്തിരുന്നു. എന്നാൽ ഡത്ത് ഓവറുകളിലെ ഇന്ത്യൻ ബോളമാരുടെ മോശം പ്രകടനം ഇന്ത്യയുടെ വിജയപ്രതീക്ഷ ഇല്ലാതാക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി അക്സർ പട്ടേൽ മാത്രമാണ് മികച്ച രീതിയിൽ പന്തെറിഞ്ഞത്. ഇന്ത്യക്കായി അക്സറും ഉമേഷ് യാദവും യുസ്വേന്ദ്ര ചഹലുമാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

സെപ്റ്റംബർ 23ന് നാഗ്പൂരിൽ വെച്ചാണ് പരമ്പരയിൽ അടുത്ത മത്സരം. തുടർന്ന് 25-ാം തിയതി ഹൈദരാബദിൽ വെച്ചാണ് അവസാന മത്സരം.