ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കാർ എൻട്രി

0
89

ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ, വിവേക് അ​ഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ചെല്ലോ ഷോ പട്ടികയിൽ ഇടംപിടിച്ചത്. പാൻ നളിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്.

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ചൊവ്വാഴ്ച നിർണായക പ്രഖ്യാപനം നടത്തിയത്. ഫെഡറേഷൻ ജൂറിക്ക് സംവിധായകൻ പാൻ നളിൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ‘ചെല്ലോ ഷോയിൽ വിശ്വസിച്ചതിന് നന്ദി. ഇപ്പോളെനിക്ക് വീണ്ടും ശ്വസിക്കാം. വിജ്ഞാനം പകരുന്ന, പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സിനിമയിൽ വിശ്വസിക്കാം’, പാൻ നളിൻ ട്വീറ്റ് ചെയ്തു.

ചെല്ലോ ഷോ എന്നാൽ അവസാന സിനിമാ പ്രദർശനം എന്നാണ് അർത്ഥം. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയിൽ ആകൃഷ്ടനായെന്നാണ് നളിൻ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.

ഭവിൻ റബാരിയാണ് സമയ് എന്ന ബാലനായി എത്തുന്നത്. ഭാവേഷ് ശ്രീമലിയാണ് പ്രൊജക്ടർ ടെക്നീഷ്യൻ ഫസലാകുന്നത്. റിച്ച മീന, രാഹുൽ കോലി, ദീപൻ റാവൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. റോബർട്ട് ഡിനീറോയുടെ ട്രിബേക്കാ ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രമായിരുന്നു ചെല്ലോ ഷോ. ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. ഗുജറാത്തിലെ എല്ലാ തിയേറ്ററുകളിലും രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലും ചിത്രം ഒക്ടോബർ 14-ന് പ്രദർശനത്തിനെത്തും.